ramesh-chennithala

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് അതിക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

'സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ ക്രൂരമായി ഒരു ചെറുപ്പക്കാരനെ തല്ലിച്ചതയ്ക്കാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തത്? ഇത്തരം നരാധമന്മാരെ പൊലീസ് സേനയിൽ വച്ച് പൊറുപ്പിക്കാതെ ഉടനടി പിരിച്ചു വിടുകയാണ് വേണ്ടത്. പൊലീസ് സ്റ്റേഷനുകൾ മർദ്ദന കേന്ദ്രങ്ങളല്ല. പ്രതിപക്ഷത്തെ തല്ലി ചതയ്ക്കാനും അടിച്ചൊതുക്കാനുമുളള നാസി തടങ്കൽ പാളയങ്ങളുമല്ല. പൊലീസ് ജനങ്ങളുടെ സേവകർ ആവുകയാണ് ആദ്യം വേണ്ടത്. കൂട്ടുകാരെ തെറി പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിന് ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.

മദ്യപിച്ച് പ്രശ്നം ഉണ്ടാക്കി എന്ന എഫ്ഐആറിട്ട് കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നു.എന്നാൽ ഇതിനെതിരെ നിയമവഴിയിലൂടെ പോരാടിയ സുജിത്ത് കോടതിയിൽ നിന്ന് വിടുതൽ നേടി പുറത്തുവരികയും ചെയ്തു. പൊലീസ് മറച്ചുവച്ച മർദ്ദന ദൃശ്യങ്ങൾ ദീർഘമായ വിവരാവകാശ നിയമ പോരാട്ടത്തിലൂടെ പുറത്തുകൊണ്ടുവരികയും ചെയ്തു. ഈ ദൃശ്യങ്ങളിൽ കാണുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര ശിക്ഷാ നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം അവർക്ക് അധികം താമസിയാതെ കണക്ക് പറയേണ്ടിവരും'- രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ക്രൂരമർദ്ദനത്തിനിരയാക്കിയവരെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോയെന്നും പരിശോധിക്കണമെന്ന് മുൻ എംഎൽഎ വി ടി ബൽ‌റാം പ്രതികരിച്ചു.സത്യം മനസിലായിട്ടും അത് മൂടിവച്ച് മർദ്ദകരായ പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയായിരുന്നോ ഉന്നത പൊലീസ് നേതൃത്വമെന്നും അദ്ദേഹം ചോദിച്ചു.

2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന കുന്നംകുളം എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌​‌റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പൊലീസിനെ കൃത്യനിർവഹണം ചെയ്യാൻ തടസമുണ്ടാക്കി എന്ന വ്യാജക്കു​റ്റം ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.