
മലപ്പുറം: ഓണവിപണി ലക്ഷ്യമിട്ട് ചാരായം നിർമിക്കാനായി ബാരലിൽ 500 ലിറ്റർ വാഷ് സൂക്ഷിച്ച യുവാവ് പിടിയിൽ. മമ്പാട് പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടിൽ രാജുവിനെയാണ് (45) കാളികാവ് എക്‌സൈസ് സംഘം പിടികൂടിയത്. വാഷ് സൂക്ഷിക്കാനുള്ള രഹസ്യ അറകൾ ഇയാൾ വീട്ടിൽ നിർമിച്ചിരുന്നു. പൊലീസിലും എക്‌സൈസിലുമായി നാല് ചാരായ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
20 വർഷത്തിലധികമായി കെട്ടിട നിർമാണ മേഖലയിലാണ് രാജു ജോലി ചെയ്യുന്നത്. മറ്റാരുടെയും സഹായമില്ലാതെ രാജുവും ഭാര്യയും ചേർന്നാണ് സ്വന്തം വീട് നിർമിച്ചത്. ചാരായ വിൽപനയുമായി ബന്ധപ്പെട്ട് ഇയാൾ പലതവണ പിടിയിലായിട്ടും നിർമാണ സാമഗ്രികൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കേസുകളുടെ പശ്ചാത്തലത്തിൽ എക്‌സൈസ് പലതവണ വീട് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. എക്‌സൈസിന്റെ ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുൻ പ്രതികളെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് രാജു തെളിവുകളടക്കം പിടിയിലാവുന്നത്.
കഴിഞ്ഞദിവസം രാത്രി 8.30ഓടെ കാളികാവ് എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി സി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം രാജുവിന്റെ വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറിയോട് ചേർന്നുള്ള ഷെഡിൽ ഭൂമിക്കടിയിലേയ്ക്ക് രഹസ്യ അറ നിർമിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിന് മുകളിൽ സ്ളാബിട്ട് മൂടി ഷീറ്റിട്ട് 12ഓളം ചാക്കുകളിലായി മെറ്റൽ, വെട്ടുകല്ല്, മറ്റ് പാഴ്‌വസ്തുക്കൾ തുടങ്ങിയവയിട്ട് മൂടിയിരുന്നു. ഇത് കണ്ടതോടെയാണ് എക്‌സൈസിന് സംശയം തോന്നിയത്. അടുക്കളയിൽ ടൈൽസ് എടുത്തുമാറ്റാവുന്ന രീതിയിലും രഹസ്യ അറ നിർമിച്ചിരുന്നു. ഇവിടെയാണ് വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ വീടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് അറകളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.