
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിക്കിപീഡിയ പേജ് അജ്ഞാതർ എഡിറ്റ് ചെയ്‌തു. മോശം പദപ്രയോഗങ്ങൾ പേരിൽ കൂട്ടിച്ചേർത്തിരിക്കുകയാണ്. അടുത്തിടെ നടന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിക്കിപ്പീഡിയ പേജിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.
വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് ആർക്കും എപ്പോൾ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകും. അതിനാൽത്തന്നെ ഇത് പൂർണമായും ശരിയല്ല. ഓരോ ഭാഷയിലെയും എഡിറ്റർമാരാണ് ഇത് സംബന്ധിച്ച നിയമങ്ങൾ തീരുമാനിക്കാറുണ്ട്. ചില ഭാഷകളിൽ ലോഗിൻ ചെയ്‌താൽ മാത്രമേ എഡിറ്റ് ചെയ്യാനാകൂ. ഇംഗ്ലിഷ് വിക്കിപീഡിയയിൽ പുതിയ ലേഖനമുണ്ടാക്കണമെങ്കിൽ ലോഗിൻ ചെയ്യണം.
ചില ലേഖനങ്ങളിൽ കൂടുതലായി മോശം തിരുത്തലുകൾ കാണുമ്പോൾ അവയെ ലോഗിൻ ചെയ്തവർക്കുമാത്രം തിരുത്താവുന്ന രീതിയിൽ വയ്ക്കാറുണ്ട്. എഡിറ്റർമാർ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റർ പദവിയുള്ളവരാണ് ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. തുടർച്ചയായ തിരുത്തലുകളും സംവാദങ്ങളുമാണ് വിക്കിപീഡിയയെ കുറ്റമറ്റതാക്കുന്നത്. ഓരോ പേജിന്റെയും വശത്തുള്ള 'വ്യൂ ഹിസ്റ്ററി' നോക്കിയാൽ ആരൊക്കെ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിയാം.