loka

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പ‌ർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രം 'ലോക- ചാപ്റ്റർ1- ചന്ദ്ര'. 7 ദിവസം കൊണ്ട് 101 കോടിയാണ് ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസ് അണിയിച്ചൊരുക്കിയ ഈ ചിത്രം നേടിയത്.

ആദ്യമായാണ് നായികാ പ്രാധാന്യത്തിൽ ഒരുങ്ങിയ ഒരു തെന്നിന്ത്യൻ ചിത്രം ഇത്ര വേഗം വൻകളക്ഷൻ നേടുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാവുകയാണ് ചിത്രത്തിന്റെ വിജയം. ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറുന്നത്.

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ ചിത്രമായ 'ലോക- ചാപ്റ്റർ1- ചന്ദ്രയ്ക്ക്' കേരളത്തിനകത്തും പുറത്തും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ റോളിലെത്തുന്ന കല്ല്യാണി പ്രിയദർശനൊപ്പം നസ്ളിനും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ എന്നിവർ ചേർന്നാണ്.

ലോക സൂപ്പർ ഹീറോ യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് 'ലോക- ചാപ്റ്റർ1- ചന്ദ്ര' എത്തിയത്. യൂണിവേഴ്സിലെ അടുത്ത ചിത്രത്തിൽ ഏത് കഥാപാത്രമാകും സൂപ്പർ ഹീറോ ആയെത്തുന്നതെന്ന ആകാംക്ഷ ഇപ്പോഴേ ആരാധകരിൽ ഉടലെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ നമ്മൾ കേട്ട് വളർന്ന കഥകളിലെ ചാത്തനെയും മാടനെയുമൊക്കെ സൂപ്പർ ഹീറോ വേഷത്തിൽ, കാലഘട്ടത്തിനനുസരിച്ചുള്ള പുതുമകളോടെ സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാളത്തിന്റെ തനതായൊരു സൂപ്പർ യൂണിവേഴ്സിനാണ് ലോകയിലൂടെ തുടക്കമിട്ടിരിക്കുന്നത്.

പാൻ ഇന്ത്യൻ തലത്തിൽ തന്നെ ചിത്രം വൻ വിജയം ആകുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണം നേടുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്രംബർ 4 ന് റിലീസ് ചെയ്യും. കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ് ഫുള്ളായാണ് ചിത്രം മുന്നേറുന്നത്.

കേരളത്തിൽ വേഫെയർ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ വിതരണം ചെയ്ത‌ിരിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുവ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ ലുങ്കിൽ സിതാര എന്റർടെയിൻമെന്റ്സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്.