police

ആലുവ: രാത്രി ഡ്യൂട്ടിക്ക് ജാക്കറ്റാവശ്യപ്പെട്ട് ജില്ലാ പൊലീസ് ഓഫീസിലേക്ക് വിളിച്ച സിവിൽ പൊലീസ് ഓഫീസറുടെ സംസാരവും തുടർന്ന് എസ്.പി ഓഫീസിലെ ഫോണിൽ നിന്ന് അസഭ്യ പ്രയോഗവും ചട്ടലംഘനമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച്. ഇതുസംബന്ധിച്ച റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജോയി ചന്ദ്രൻ എസ്.പി എം. ഹേമലതക്ക് കൈമാറി. ക്യാമ്പ് ഓഫീസിലെ പൊലീസുകാരനായ വിശാഖൻ, എസ്.പിയുടെ റൈറ്ററായ ഗ്രേഡ് എസ്.ഐ വി.ആർ. സുരേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഓണം അവധിക്കുശേഷം ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

പൊലീസുകാരന്റെ ഫോൺവിളിയും, എസ്.പി ഓഫീസിൽ നിന്നുള്ള മറുപടിക്കിടെ 'ഏത് തെണ്ടിയാണ്" എന്ന് കേട്ടതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടത്. രാത്രി ഡ്യൂട്ടിക്ക് ജാക്കറ്റ് ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട സ്റ്റേഷനിലെ ഓഫീസറെയാണ് ആദ്യം അറിയിക്കേണ്ടത്. പരിഹാരമുണ്ടായില്ലെങ്കിൽ ഡിവൈ.എസ്.പി ഓഫീസിൽ അറിയിക്കാം. ഇതൊന്നും ചെയ്യാതെയാണ് വിശാഖൻ എസ്.പി ഓഫീസിലേക്ക് വിളിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുണ്ട്. വിശാഖിന്റെ ഫോണെടുത്തയാൾക്ക് പുറമെ മറ്റൊരാൾ സഭ്യമല്ലാത്ത വാക്കുപയോഗിച്ചത് പൊലീസിന് നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
അതിനിടെ ഗ്രേഡ് എസ്.ഐയെ രക്ഷിക്കാനും ശ്രമമുണ്ട്. ഇയാൾക്കെതിരെ പൊലീസുകാർക്കിടയിൽ നിരവധി പരാതികളുണ്ടെന്നും സൂചനയുണ്ട്.

അതേസമയം ബോധപൂർവം കോൾ റെക്കാഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് ഫോണെടുത്ത നിഷാദ് എന്ന പൊലീസുകാരൻ എസ്.പിക്ക് പരാതി നൽകി. തന്നോട് അപമര്യാദയായി സംസാരിച്ചെന്നാരോപിച്ച് വിശാഖൻ എസ്.പിക്കും ഡി.ഐ.ജിക്കും ഇന്നലെ രേഖാമൂലം പരാതി നൽകി. ക്യാമ്പ് ഓഫീസിലെ ചുമതലയുള്ള എസ്.ഐക്കാണ് പരാതി കൈമാറിയത്.