
കാസർകോട്: കാഞ്ഞങ്ങാട് ആസിഡ് കുടിച്ച് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകൻ രാകേഷും മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാകേഷിന്റെ അച്ഛൻ ഗോപി (58), അമ്മ ഇന്ദിര (55), മൂത്തസഹോദരൻ രഞ്ചേഷ് (37) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു.
സാമ്പത്തിക ബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവ ദിവസം പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് ആസിഡ് കുടിച്ചെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യാശ്രമം പുറത്തറിഞ്ഞത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.