
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം. ഇതോടെ ഉദ്യോഗസ്ഥരായ പ്രതികൾക്ക് രക്ഷാകവചം ഒരുക്കിയിരിക്കുകയാണ് പൊലീസ്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈ കൊണ്ടടിച്ചെന്ന വകുപ്പുമാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവത്തില്‍ രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. നാല് പൊലീസുകാരുടെയും പ്രമോഷൻ മൂന്ന് വർഷത്തേക്ക് തടഞ്ഞു. ഇൻക്രിമെന്റ് രണ്ട് വർഷത്തേക്ക് തടഞ്ഞു. അതുകൊണ്ടുത്തന്നെ ഇനിയൊരു വകുപ്പുതല നടപടി സാദ്ധ്യമല്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. തുടർനടപടി കോടതി തീരുമാനപ്രകാരം മതിയെന്നാണ് ലഭിച്ച നിയമോപദേശം.
സുജിത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസി ഓഫീസിൽ സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് ഇന്നലെ വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ സെപ്റ്റംബർ പത്തിന് കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു.