sandhya

ഷൊർണൂർ: നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ സി സന്ധ്യ സ്ഥാനം രാജിവച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കോൺഗ്രസ് എടുത്ത നിലപാടിൽ പ്രതിഷേധിച്ചും വികസനം നടപ്പാക്കിയതിൽ വികെ ശ്രീകണ്‌ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നാരോപിച്ചുമാണ് രാജി. ഇന്നലെ വൈകിട്ടോടെയാണ് സന്ധ്യ നഗരസഭാ അദ്ധ്യക്ഷന് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ പത്ത് വർഷമായി അന്തിമഹാകാളൻചിറ വാർഡിലെ കോൺഗ്രസ് കൗൺസിലറാണ് സന്ധ്യ.

'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയെടുത്ത നിലപാടിൽ പ്രതിഷേധമുണ്ട്. ഒരു സ്‌ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണിത്. കോൺഗ്രസിൽ സ്ഥാനങ്ങളില്ലാത്തതിനാൽ കമ്മിറ്റികളിൽ പറഞ്ഞിട്ടില്ല. എന്നാൽ, നേതാക്കളോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. വികെ ശ്രീകണ്‌ഠൻ എംപി ഷൊർണൂരിലെ വാർഡുകളിലെല്ലാം ഉയരവിളക്കുകളും വഴിവിളക്കുകളും നൽകി. പക്ഷേ, എന്റെ വാർഡിനെ പരിഗണിച്ചില്ല. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ ഇക്കാര്യം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല ' - രാജിക്ക് പിന്നാലെ സന്ധ്യ പറഞ്ഞു.

എന്നാൽ, സന്ധ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങളാകാം രാജിവയ്‌ക്കാൻ കാരണമെന്നും വികെ ശ്രീകണ്‌ഠൻ എംപി പറഞ്ഞു. വ്യക്തിപരമായി ചോദിച്ചാൽ നൽകാനാവില്ല. രാജിക്ക് പുറകിൽ മറ്റ് ഉദ്ദേശങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.