
എണ്ണ ഒഴിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കറ കട്ടിപ്പിടിച്ചിരിക്കുന്നത് പലരും നേരിടുന്ന അടുക്കള പ്രശ്നമാണ്. സ്ഥിരമായി ഒരു കുപ്പിയിൽ തന്നെ എണ്ണ ഒഴിച്ചുവയ്ക്കുമ്പോൾ ഇത്തരത്തിൽ കറ പിടിക്കാറുണ്ട്. സോപ്പിട്ടും മറ്റും എത്രതന്നെ കഴുകിയാലും ഈ കറ പൂർണമായി പോവുകയുമില്ല. ഇടയ്ക്കിടെ കുപ്പി മാറ്റിയാലും എണ്ണക്കറ അവശേഷിക്കാറുണ്ട്. ഈ പ്രശ്‌നത്തിന് മികച്ച പരിഹാരം വീട്ടിൽ തന്നെയുണ്ട്.
ആദ്യം എണ്ണക്കറയുള്ള കുപ്പി ചൂടുവെള്ളത്തിൽ കഴുകണം. ഇത് കുപ്പിയുടെ ഉള്ളിലുള്ള കറ എളുപ്പത്തിൽ നീക്കാൻ സഹായിക്കുന്നു. ഇനി കുറച്ച് ചൂടുവെള്ളത്തിൽ അൽപം ഡിഷ്‌വാഷ് സോപ്പോ ലിക്വിഡോ ചേർത്ത് നന്നായി പതപ്പിച്ചതിനുശേഷം എണ്ണക്കറയുള്ള കുപ്പിയിലൊഴിച്ച് നന്നായി കുലുക്കണം. ശേഷം സാധാരണ വെള്ളമൊഴിച്ച് രണ്ട് മൂന്ന് തവണ കഴുകിയെടുക്കാം.
വെള്ളത്തിൽ അൽപം നാരങ്ങാനീരോ വിനാഗിരിയോ ഒഴിച്ച് കഴുകുന്നത് ദുർഗന്ധവും അണുക്കളും പോകാൻ സഹായിക്കും. നനവുള്ള കുപ്പിയിൽ എണ്ണ ഒഴിച്ചുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത് എണ്ണയുടെ ഗുണത്തെ ബാധിക്കും. കുപ്പി കഴുകിയതിനുശേഷം നന്നായി ഉണക്കി ഈർപ്പം മാറ്റിയിട്ടേ എണ്ണ ഒഴിച്ച് വയ്ക്കാൻ പാടുള്ളൂ.