
തിരുവനന്തപുരം: റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്കും 'ലോക'യുടെ വ്യാജ പതിപ്പ് പുറത്ത്. ഗുണനിലവാരമുള്ള വ്യാജപതിപ്പ് ട്രയിനിലിരുന്ന കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബംഗളൂരു-മുർദേശ്വർ എക്സ്പ്രസിലെ യാത്രക്കാരനാണ് വ്യാജ പതിപ്പ് കണ്ടത്. സംഭവം സിനിമയുടെ അണിയറ പ്രവർത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർ ഹീറോ ചിത്രമായ 'ലോക- ചാപ്റ്റർ1- ചന്ദ്രയ്ക്ക്' കേരളത്തിനകത്തും പുറത്തും വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസ് അണിയിച്ചൊരുക്കിയ ചിത്രം നേടിയത്.
ചന്ദ്ര എന്ന ടൈറ്റിൽ റോളിലെത്തുന്ന കല്ല്യാണി പ്രിയദർശനൊപ്പം നസ്‌ലിനും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഡൊമിനിക് അരുൺ, ശാന്തി ബാലചന്ദ്രൻ എന്നിവർ ചേർന്നാണ്. പാൻ ഇന്ത്യൻ തലത്തിൽ തന്നെ ചിത്രം വൻ വിജയം ആകുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണം നേടുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്തംബർ നാലിന് റിലീസ് ചെയ്യും. കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ് ഫുള്ളായാണ് ചിത്രം മുന്നേറുന്നത്