കേശസംരക്ഷണം എന്നത് കുറച്ചധികം സമയം വേണ്ടിവരുന്ന കാര്യമാണ്. ദിവസവും കുളിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. അതിനാൽത്തന്നെ പലരും ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമാകും കുളിക്കുന്നത്. ഇത് മുടി വളരാൻ സഹായിക്കുമെങ്കിലും ദുർഗന്ധം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. പലരുടെയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. മുടിയുടെ ആരോഗ്യം നിലനിർത്തി ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ചില വഴികൾ അറിയാം.
നാരങ്ങാനീര് - ആന്റി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നാരങ്ങാനീര്. ഷാംപൂ ചെയ്ത ശേഷം നാരങ്ങാനീര് വെള്ളത്തിൽ കലർത്തി മുടി കഴുകുന്നത് നല്ലതാണ്. ദുർഗന്ധം മാറാനും മുടിയുടെ തിളക്കം കൂട്ടാനും ഇത് സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനിഗർ - ശിരോചർമത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. ഷാംപൂ ചെയ്തശേഷം ഇത് വെള്ളത്തിൽ കലർത്തി മുടി കഴുകുന്നത് നല്ലതാണ്. അഴുക്കെല്ലാം പൂർണമായും മാറ്റി മുടി ഫ്രഷ് ആക്കാൻ ഇതിലൂടെ സാധിക്കുന്നു.
വെളിച്ചെണ്ണ - മുടിക്കും ശിരോചർമത്തിനും പോഷകം നൽകുന്നതിനൊപ്പം ദുർഗന്ധം അകറ്റാനും ഇത് സഹായിക്കുന്നു. വെളിച്ചെണ്ണയുടെ ആന്റി ഫംഗൽ ഗുണങ്ങൾ പുതുമ നിലനിർത്താൻ സഹായിക്കുന്നു.
കറ്റാർവാഴ ജെൽ - തലയോട്ടിക്ക് തണുപ്പ് നൽകാൻ കറ്റാർവാഴ ജെൽ സഹായിക്കുന്നു. ഇതിനായി കറ്റാർവാഴ ജെൽ ശിരോചർമത്തിൽ പുരട്ടി പത്ത് മിനിട്ട് വച്ചശേഷം കഴുകി കളയുക. മുടിയിലും തലയോട്ടിയിലും ജലാംശം നിലനിർത്തുന്നതിന് ഇത് സഹായിക്കും.