
ലിസ്ബൺ: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ഫ്യൂണിക്യുലർ ട്രെയിൻ പാളം തെറ്റി വിദേശികൾ അടക്കം 17 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. പാളം തെറ്റിയ ട്രെയിൻ കുത്തനെയുള്ള ചെരിവിലൂടെ തെന്നിനീങ്ങി ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജർമ്മൻ, സ്പാനിഷ്, ഇറ്റാലിയൻ പൗരന്മാർ മരിച്ചവരിൽ ഉൾപ്പെടുന്നെന്നാണ് വിവരം.
അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. റെയിൽവേ റൂട്ടിലെ കേബിളിൽ തകരാറുണ്ടായെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോർച്ചുഗീസ് അധികൃതർ അന്വേഷണം ആരംഭിച്ചു.
ലിസ്ബണിലെത്തുന്ന വിനോദ സഞ്ചാരികൾക്കിടെയിൽ ജനപ്രിയമാണ് ഫ്യൂണിക്യുലർ ട്രെയിൻ. പർവ്വത പ്രദേശങ്ങളിലെ ഉയർന്ന ചെരിവിൽ ഉപയോഗിക്കുന്നവയാണ് ട്രാമിനോട് സാദൃശ്യമുള്ള ഫ്യൂണിക്യുലർ ട്രെയിൻ. കേബിളിന്റെ സഹായത്തോടെയാണ് ഫ്യൂണിക്യുലർ ട്രെയിൻ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നത്.