kcl

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണില്‍ തോല്‍വിയോടെ വിടവാങ്ങി ആലപ്പി റിപ്പിള്‍സ്. നാല് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയ്‌ലേഴ്‌സ് ആലപ്പിയെ തോല്‍പ്പിച്ചത്. പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള റിപ്പിള്‍സ് അവസാന സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. ആദ്യ സീസണിലും സെമിയിലെത്താന്‍ ആലപ്പിക്ക് കഴിഞ്ഞിരുന്നില്ല. റിപ്പിള്‍സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം മറികടക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടര്‍ന്ന സെയ്‌ലേഴ്‌സിനായി 14 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടിയ വിഷ്ണു വിനോദ് ആണ് ടോപ് സ്‌കോറര്‍. അഭിഷേക് നായര്‍ 25(23), ഭരത് സൂര്യ 10(16), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 4(4), വത്സല്‍ ഗോവിന്ദ് 12(16), രാഹുല്‍ ശര്‍മ്മ 26(20), എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഷറഫുദീന്‍ 13*(8), എംഎസ് അഖില്‍ 4*(2) എന്നിവര്‍ പുറത്താകാതെ നിന്നു. റിപ്പിള്‍സിനായി ആദി അഭിളാഷ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജലജ് സക്‌സേന ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത റിപ്പിള്‍സ്, ഓപ്പണര്‍ ആകര്‍ഷ് എകെ 46(33), ആകാശ് പിള്ള 33(27), അനുജ് ജോടിന്‍ 33(22) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന സ്‌കോര്‍ നേടിയത്. സെയ്‌ലേഴ്‌സിനായി അമല്‍ എ.ജി മൂന്നും പവന്‍ രാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സച്ചിന്‍ ബേബി, ഷറഫുദീന്‍, അജയ്‌ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കൊല്ലം സെയ്‌ലേഴ്‌സ് നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ആലപ്പിക്കൊപ്പം ട്രിവാന്‍ഡ്രം റോയല്‍സ് ആണ് അവസാന നാലില്‍ എത്താതെ പുറത്തായ മറ്റൊരു ടീം.