cobra

പലതരം വിഷപാമ്പുകളുണ്ടെങ്കിലും കൂട്ടത്തില്‍ മനുഷ്യന് ഏറ്റവും ഭയം മൂര്‍ഖന്‍ പാമ്പുകളെയാണെന്ന് നിസംശയം പറയാം. മൂര്‍ഖന്റെ ഫണം വിടര്‍ത്തിയുള്ള നില്‍പ്പും ശൗര്യവും തന്നെയാണ് ഭയം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍. കടിയേറ്റാല്‍ മരണം സംഭവിക്കാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്ന് നില്‍ക്കുന്നുവെന്നതും മൂര്‍ഖനെ അപകടകാരിയാക്കുന്നു. നമ്മുടെ കേരളത്തില്‍ ഉള്‍പ്പെടെ ധാരാളമായി കണ്ടുവരുന്ന ഇനവും ആണ് മൂര്‍ഖന്‍ പാമ്പുകള്‍.

അപകടകാരിയും കലിപ്പനുമൊക്കെയാണെങ്കിലും ജീവനില്‍ കൊതിയുള്ള ഒരു പാമ്പാണ് മൂര്‍ഖനും. ശത്രു മുക്കാല്‍ മീറ്ററിന് ഉള്ളില്‍ തന്റെ റേഞ്ചില്‍ ആണെങ്കില്‍ മാത്രമേ മൂര്‍ഖന്‍ പാമ്പുകള്‍ തനിസ്വരൂപം കാട്ടുകയുള്ളൂ. മറിച്ചാണെങ്കില്‍ പരമാവധി ഒഴിഞ്ഞ് മാറുന്നതാണ് മൂര്‍ഖന്റെ നയം. വളരെ ശക്തിയായി ഉച്ചത്തില്‍ ചീറ്റി ശബ്ദമുണ്ടാക്കുന്നത് മൂര്‍ഖന്റെ ഒരു ശൈലിയാണ്. എന്നാല്‍ ഇത് സ്വയരക്ഷയ്ക്കായി ചെയ്യുന്നതാണെന്നതാണ് പറയപ്പെടുന്നത്.

അപകടകരമായ സാഹചര്യത്തിലാണ് എന്ന് സ്വയം ബോധ്യപ്പെട്ടാല്‍ ഉള്ളില്‍ ഭയമുണ്ടെങ്കിലും എതിരാളികളെ വിറപ്പിക്കുന്നതിന് ചില ട്രിക്കുകള്‍ മൂര്‍ഖന്‍ പാമ്പുകള്‍ പുറത്തെടുക്കാറുണ്ട്. തല ഭാഗം നിലത്ത് നിന്ന് ഉയര്‍ത്തി ഫണം വിടര്‍ത്തി ആക്രമിക്കാനുള്ള പ്രവണത പുറത്ത് കാണിക്കും. വളരെ ശക്തിയായി ചീറ്റുന്നതിലൂടെ എതിരാളികളെ ഭയപ്പെടുത്തി പിന്‍വലിയുന്നതും മൂര്‍ഖന്റെ ശൈലിയാണ്. എതിരാളികള്‍ക്ക് മേല്‍ മാനസികമായി ആധിപത്യം സ്ഥാപിക്കുന്നതിന് തന്റെ ആകാരവും ഉച്ചത്തിലുള്ള ചീറ്റലും ഇവ ഉപയോഗിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.