gst

ജിഎസ്ടി ഏകീകരണത്തിലൂടെ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നത് വാഹനപ്രേമികളെ സംബന്ധിച്ച് വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്. വില കുറയുന്നത് കൊണ്ട് തന്നെ നിരവധി ആളുകളുടെ ഒരു കാറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാനും സാദ്ധ്യത തെളിയും. എന്നാല്‍ ജിഎസ്ടി ഏകീകരണം കൊണ്ട് മാത്രം വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാകില്ലെന്നതാണ് വാഹന വിപണി നേരിടുന്ന വെല്ലുവിളി. വില്‍ക്കാനും വാങ്ങാനും ആളുണ്ടായിട്ടും ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വിവിധ ഷോറൂമുകളില്‍ കെട്ടിക്കിടക്കുകയാണ്.

ജിഎസ്ടി വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തുന്ന കോമ്പന്‍സേഷന്‍ സെസ് ആണ് കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 1-22 ശതമാനം വരെയുള്ള ഈ സെസില്‍ വ്യക്തത വരുത്തണമെന്നാണ് വാഹന വില്‍പ്പന ഡീലര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യം. വാഹനങ്ങളുടെ മോഡല്‍, വലുപ്പം. എഞ്ചിന്‍ ശേഷി എന്നിവ അനുസരിച്ചാണ് സെസ് ചുമത്തുന്നത്. ചെറിയ പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം സെസ് ഈടാക്കുമ്പോള്‍ 22 ശതമാനം വരെയാണ് വലിയ എസ്.യു.വി മോഡലുകള്‍ക്ക് നല്‍കേണ്ടത്.

ഇപ്പോഴുള്ള ജി.എസ്.ടി നിരക്ക് കുറക്കാനും നഷ്ടപരിഹാര സെസ് ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ആറ് ലക്ഷത്തോളം വാഹനങ്ങള്‍ കമ്പനികളില്‍ സ്റ്റോക്കുണ്ട്. പുതിയ ജി.എസ്.ടി പരിഷ്‌ക്കാരം വരുമ്പോള്‍ ഈ വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തിയ സെസ് തുകയുടെ കാര്യത്തിലാണ് വാഹന ലോകത്തിന് ആശങ്ക. ജിഎസ്ടി ഏകീകരണം കൊണ്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാഹന വിപണിക്ക് ഉണര്‍വുണ്ടാകുമെന്ന് ഉറപ്പാണെങ്കിലും നിലവിലെ സെസ് ചുമത്തിയവയില്‍ സ്‌റ്റോക്കുള്ള ആറ് ലക്ഷം വാഹനങ്ങളുടെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.