business

നെടുമ്പാശേരി: പ്രവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍ 1323 മെട്രിക് ടണ്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇക്കുറി ഉണ്ടായത്. വാഴയില മുതല്‍ പൂക്കള്‍ വരെയുണ്ട്. പച്ചക്കറികളില്‍ മുരിങ്ങയില മുതല്‍ ഉള്ളി വരെയും.

ദുബായ്, ദോഹ, ഷാര്‍ജ, കുവൈറ്റ്, അബുദാബി, മസ്‌കറ്റ്, സൗദി തുടങ്ങിയ ഗള്‍ഫ് മേഖലകളിലേക്കാണ് കയറ്റുമതിയില്‍ ഏറെയും. യൂറോപ്യന്‍ രാജ്യങ്ങളിലെ മലയാളികള്‍ക്കും ഓണമാഘോഷിക്കാന്‍ വിഭവങ്ങള്‍ അയച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ പ്രദേശങ്ങളില്‍ നിന്നാണ് കാര്‍ഗോ ഏജന്റുമാര്‍ കയറ്റുമതിക്കായി പച്ചക്കറികളും പഴവര്‍ഗങ്ങളും നെടുമ്പാശേരിയില്‍ എത്തിച്ചത്.

കേരളത്തിലെ കര്‍ഷകരില്‍നിന്നും കര്‍ഷക വിപണികളില്‍ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറികള്‍ക്കാണ് വിദേശത്ത് ആവശ്യക്കാരുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ശീതീകരിച്ച് സൂക്ഷിക്കാന്‍ സംവിധാനമുള്ളതിനാല്‍ കയറ്റുമതി വര്‍ദ്ധിക്കാന്‍ സഹായകമായി.