
മുംബയ്: ഗണേശോത്സവത്തിന്റെ സമാപനച്ചടങ്ങുകൾക്കിടെ മുംബയിൽ വൻ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി. 34 ചാവേറുകൾ മനുഷ്യബോംബുകളായി നഗരത്തിൽ സജ്ജമാണെന്നും ഒരുകോടി ആളുകളെ കൊല്ലുമെന്നുമാണ് ഭീഷണി. മുംബയ് ട്രാഫിക് പൊലീസ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് ഭീഷണിമുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. സന്ദേശം ലഭിച്ചതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം സുരക്ഷ കർശനമാക്കി. വ്യാപക പരിശോധന നടത്തിയെങ്കിലും ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തായില്ല എന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നുള്ള 14 ഭീകരൻ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും 34 കാറുകളിലായി 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചാേ ഇതിനുപിന്നിൽ ആരാണെന്നോ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
താനയിലെ ഒരു റെയിൽവേസ്റ്റേഷൻ ബോംബുപയോഗിച്ച് തകർക്കുമെന്ന് കഴിഞ്ഞദിവസം അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു.