
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി കൊല്ലം സെയ്‌ലേഴ്‌സ്. ഒന്നാം സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ഇന്ന് രാത്രി നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് സെമിയിലെ വിജയികളെ സെയ്‌ലേഴ്‌സ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ നേരിടും. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ഉയര്‍ത്തിയ 87 റണ്‍സ് വിജയലക്ഷ്യം 9.5 ഓവറില്‍ കൊല്ലം മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ അഭിഷേക് നായര്‍ 32*(28), അര്‍ദ്ധ സെഞ്ച്വറി നേടിയ ഭരത് സൂര്യ 56*(31) എന്നിവര്‍ അനായാസം ജയത്തിലേക്ക് ബാറ്റ് വീശുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ് എങ്കില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറുകളും ഭരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത തൃശൂരിന് 17.1 ഓവറില്‍ എല്ലാവരും പുറത്തായപ്പോള്‍ നേടാനായത് വെറും 86 റണ്‍സ് മാത്രമായിരുന്നു. കൊല്ലത്തിന്റെ കൂട്ടായ ബൗളിംഗ് ഫീല്‍ഡിംഗ് പ്രകടനത്തിന് മുന്നില്‍ തൃശൂര്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായില്ല.
ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണന്‍ 23(28), അഹമ്മദ് ഇമ്രാന്‍ 13(10) എന്നിവര്‍ ഒഴികെ ഒരാള്‍ക്ക് പോലും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. വിക്കറ്റ് പോകാതെ 36 റണ്‍സ് എന്ന നിലയില്‍ നിന്നാണ് തൃശൂര്‍ കൂട്ടത്തകര്‍ച്ചയിലേക്ക് വീണത്. കൊല്ലത്തിന് വേണ്ടി പവന്‍ രാജ്, അമല്‍ എ.ജി, വിജയ് വിശ്വനാഥ്, അജയ്‌ഘോഷ് എന്‍എസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഷറഫുദീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.