vd-satheesan

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുജിത്തിനെ വീട്ടിലെത്തി നേരില്‍ക്കണ്ടതിന് ശേഷം അതിരൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടി വരുന്നതിനായി പാര്‍ട്ടി കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ഒരു പൊലീസുകാരനും കാക്കി ധരിച്ച് വീടിന് പുറത്ത് ഇറങ്ങില്ലെന്ന് സതീശന്‍ പറഞ്ഞു.

ഇപ്പോഴത്തെ സമരത്തിന്റെ രീതി മാറുമെന്നും കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള സമരത്തിലേക്ക് പാര്‍ട്ടി കടക്കുമെന്നും വി.ഡി സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ ക്രൂര മര്‍ദ്ദനം സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരായ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. സെപ്റ്റംബര്‍ 10 ന് കേരളത്തില്‍ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, സ്റ്റേഷനിലെ മര്‍ദ്ദനത്തില്‍ പ്രതികരണവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ രംഗത്ത് വന്നിരുന്നു. കസ്റ്റഡി മര്‍ദനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് റവാഡാ ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവത്തില്‍ കടുത്ത നടപടി ഉണ്ടാകും. ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കൃത്യമായ പരിശോധന നടത്തും. വീഴ്ച്ച വന്നാല്‍ കടുത്ത നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.

2023 ഏപ്രില്‍ അഞ്ചിനാണ് തൃശൂര്‍, കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിന് മര്‍ദ്ദനമേറ്റത്. പൊലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.