finance

പ്രതികൂല കാലാവസ്ഥയും ഉയര്‍ന്ന കൂലിച്ചെലവും വിനയായി

കൊച്ചി: വിപണിയില്‍ വില ഉയരുമ്പോഴും കേരളത്തില്‍ കുരുമുളക് ഉത്പാദനം കുത്തനെ ഇടിയുന്നു. കാലാവസ്ഥയിലെ അസാധാരണമായ ചാഞ്ചാട്ടവും ഉയര്‍ന്ന കൂലിച്ചെലവും വിലയിലെ അസ്ഥിരതയുമാണ് കര്‍ഷകരെ കുരുമുളക് കൃഷിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഏലം വില കുതിച്ചുയര്‍ന്നതോടെ കര്‍ഷകര്‍ കുരുമുളക് കൃഷിയില്‍ നിന്ന് പിന്മാറുന്നതും തിരിച്ചടിയാണ്. അതേസമയം കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കുരുമുളക് കൃഷി വ്യാപിക്കുകയാണ്.

രാജ്യത്ത് കുരുമുളക് ഉത്പാദനത്തില്‍കര്‍ണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെയും വികസന ഏജന്‍സികളുടെയും പിന്തുണ ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കുരുമുളക് കൃഷിയില്‍ കേരളം പിന്നാക്കം പോകുമ്പോഴും കാര്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തിലില്ല. ദ്രുതവാട്ടം പോലുള്ള രോഗങ്ങളാണ് കേരളത്തിലെ കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്.

ഉത്പാദനം 75,000ടണ്‍

2024-25 സീസണില്‍ 75,000 ടണ്‍ കുരുമുളകാണ് ആഭ്യന്തര ഉത്പാദനം. അതോടൊപ്പം 20,000ടണ്‍ ഇറക്കുമതിയും ചെയ്തു. മുന്‍വര്‍ഷത്തെ 50,000 ടണ്‍ കരുതല്‍ ശേഖരവുമുണ്ട്.

ശരാശരി വില 660 രൂപ

കേരളത്തില്‍ ഇന്നലെ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോഗ്രാമിന് 655 മുതല്‍ 690 രൂപ നിരക്കിലായിരുന്നു വ്യാപാരം. ശരാശരി വില 660 രൂപയായിരുന്നു. ഒരുമാസത്തിനിടെ 35 രൂപയാണ് കൂടിയത്.

വില കുതിപ്പിന് കാരണം

ഉത്തരേന്ത്യയിലെ ഉത്സവസീസണും തണുപ്പുകാലവുമാണ് കുരുമുളക് ഉപഭോഗം വര്‍ദ്ധിപ്പിച്ചത്. യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ക്രിസ്മസിന് മുന്നോടിയായി കുരുമുളക് സംഭരിക്കുന്നു. അനുകൂല സാഹചര്യം മുന്നില്‍ക്കണ്ട് കര്‍ണാടകയിലെ കയറ്റുമതിക്കാരും വ്യാപാരികളും കുരുമുളക് വാങ്ങാന്‍ രംഗത്തുണ്ട്.

ആഗോള തലത്തില്‍ ഉത്പാദനം കുറയുന്നു

ഇന്തോനേഷ്യ, ബ്രസീല്‍, ശ്രീലങ്ക, മലേഷ്യ, വിയറ്റ്‌നാം എന്നിവയാണ് മറ്റ് പ്രധാന കുരുമുളക് ഉത്പാദകര്‍. ശ്രീലങ്കയില്‍ കനത്ത മഴയില്‍ വിളനാശമുണ്ടാതും വില ഉയരാന്‍ കാരണമായി.