fm

ന്യൂഡല്‍ഹി: അമേരിക്ക ചുമത്തിയ അമിത തീരുവ കാരണം പ്രതിസന്ധിയിലായത് കയറ്റുമതി മേഖലയാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആശ്വാസകരമായ നടപടിക്ക് ഒരുങ്ങുകയാണ്. കയറ്റുമതിക്കാരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ ഉടനടി നടപ്പിലാക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യം മെച്ചപ്പെടുമെന്ന് കരുതി വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം 27 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമിത തീരുവ ഈടാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഈ തീരുമാനം ബാധിച്ച വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കും പ്രത്യേക പാക്കേജെന്നും മന്ത്രി വ്യക്തമാക്കി. കയറ്റുമതിക്കാരെ സഹായിക്കാന്‍ പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന്‍ കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള്‍ പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ട്, മന്ത്രി പറഞ്ഞു.

അതേസമയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാകാതെ വന്നതോടെയാണ് അമിത തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന നടപടി തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

എണ്ണ ഇറക്കുമതിക്ക് വലി ചെലവാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. രാജ്യത്തിന്റെ ആവശ്യത്തിനുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മറ്റ് താത്പര്യങ്ങളില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുകയാണെന്നാണ് അമേരിക്ക ഉന്നയിക്കുന്ന ആരോപണം.