kcl-2025

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്‌സ് - കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കലാശപ്പോര്. രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ 15 റണ്‍സിന് തോല്‍പ്പിച്ചാണ് കൊച്ചി ഫൈനലിന് യോഗ്യത നേടിയത്. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. നേരത്തെ ആദ്യ സെമിയ്ല്‍ തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം ഫൈനലിലെത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന കാലിക്കറ്റിന് വേണ്ടി 37 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അഖില്‍ സ്‌കറിയയുടെ പോരാട്ടം പാഴായി. വമ്പനടിക്കാരന്‍ കൃഷ്ണ ദേവന്‍ 13 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടി മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കാലിക്കറ്റിനെ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ പിടികൂടുകയായിരുന്നു. അഖില്‍ സ്‌കറിയ - കൃഷ്ണ ദേവന്‍ സഖ്യം ക്രീസിലുള്ളപ്പോള്‍ കാലിക്കറ്റിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അഖിലിന് പിന്തുണ നല്‍കാന്‍ മറുവശത്ത് ആളില്ലാതെ വന്നതോടെ കാലിക്കറ്റ് തോല്‍വി വഴങ്ങുകയായിരുന്നു.

ഓപ്പണര്‍ അമീര്‍ ഷാ 23(12), ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മല്‍ 9(12), എം അജ്‌നാസ് 15(14), പി അന്‍ഫല്‍ 9(18), സച്ചിന്‍ സുരേഷ് 1(2), മനു കൃഷ്ണന്‍ 5(3) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. എസ് മിഥുന്‍ 8(9) പുറത്താകാതെ നിന്നു. കൊച്ചിക്കായി മുഹമ്മജദ് ആഷിക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന്‍ പി.എസ്, പി. മിഥുന്‍, കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, നിഖില്‍ തോട്ടത്ത് പുറത്താകാതെ നേടിയ അര്‍ദ്ധ സെഞ്ച്വറി 64*(36)യുടെ പിന്‍ബലത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍ വിപുല്‍ ശക്തി 37(28), ആജീഷ് കെ 24(20), മുഹമ്മദ് ആഷിക് 31(10) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ഞായറാഴ്ചയാണ് കൊച്ചി - കൊല്ലം ഫൈനല്‍ നടക്കുക.