afgan

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവസ്ഥ അതി ദയനീയമെന്ന് റിപ്പോർട്ട്. അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി ഒരുകാരണവശാലും സ്ത്രീകൾക്ക് ശാരീരിക സമ്പർക്കം ഉണ്ടാകരുതെന്ന താലിബാന്റെ നിയമം നിലനിൽക്കുന്നതിനാൽ ഇവരെ രക്ഷപ്പെടുത്താൻ ആരും ശ്രമിക്കുന്നില്ലെന്നാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വനിതാ ഡോക്ടർമാരും, നഴ്സുമാരും ഇല്ലാത്തതിനാൽ ഇവർക്ക് വേണ്ട ചികിത്സയും ലഭിക്കുന്നില്ല.

പുരുഷ രക്ഷാപ്രവർത്തകർ സ്ത്രീകളെ തൊടുന്നത് വിലക്കുന്നതിനാൽ ഏ​റ്റവും അവസാനമാണ് സ്ത്രീകളെ രക്ഷപ്പെടുത്തുന്നത്. താലിബാന്റെ മതനിയമം കാരണം രക്ഷാപ്രവർത്തകരിൽ സ്ത്രീകളാലും ഇല്ല. അതിനാൽത്തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ജീവനുവേണ്ടി യാചിക്കുന്ന സ്ത്രീകളെ ഉപേക്ഷിക്കേണ്ടിവരുന്നു എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.സ്ത്രീകളും പെൺകുട്ടികളും സഹായം അഭ്യർത്ഥിച്ച് ദയനീയമായി യാചിച്ചാലും അങ്ങോട്ട് നോക്കാതെ പോകാൻ മാത്രമേ കഴിയൂ എന്നാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ പറഞ്ഞത്.

ശരീരത്തിൽ സ്പർശിക്കാതെ സ്ത്രീകളുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് പുറത്തെടുക്കാൻ ചിലപ്പോഴൊക്കെ ശ്രമിച്ചെങ്കിലും അതും വിജയിക്കാറില്ലെന്നാണ് മറ്റൊരാൾ പറയുന്നത്. അടുത്ത പുരുഷ ബന്ധുക്കളാരും ഇല്ലെങ്കിൽ ശാരീരിക സമ്പർക്കം ഒഴിവാക്കാൻ മരിച്ചവരെ വസ്ത്രത്തിൽ പിടിച്ചുവലിച്ചാണ് പുറത്തെടുക്കുന്നതെന്നും അയാൾ പറയുന്നു. ഭൂകമ്പം ബാധിക്കാത്ത പ്രദേശങ്ങളിൽ നിന്ന് ചില സ്ത്രീകൾ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്. പക്ഷേ, പുരുഷ രക്ഷാപ്രവർത്തകർ ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഇവർ എത്തുകയുള്ളൂ. അവസ്ഥ അതി ദയനീയമാണെങ്കിലും നിയമത്തിൽ അല്പംപോലും ഇളവ് വരുത്താൻ താലിബാൻ ഇപ്പോഴും തയ്യാറാകുന്നില്ല.

ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിലെത്തിച്ചാലും സ്ഥിതി ദയനീയമാണ്. പുരുഷന്മാരായ ഡോക്ടർമാരോ നഴ്സുമാരോ ഇവരെ ചികിത്സിക്കാൻ തയ്യാറാവുന്നില്ല. അങ്ങനെ ചെയ്താലുള്ള കഠിന ശിക്ഷ ഭയന്നാണിത്. മുറിവുകളിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നാലും സ്ത്രീകളെ ആരും തിരിഞ്ഞുനോക്കാറില്ല. അഫ്‌ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തശേഷം പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നതിന് കർശനമായ വിലക്കുണ്ട്. സ്ത്രീകൾ ജോലിക്കുപോകുന്നതിനും വിലക്കുണ്ട്. ഇതാണ് ആശുപത്രികളുടെ അവസ്ഥ കൂടുതൽ വഷളാക്കിയത്. ആരോഗ്യരംഗത്ത് വനിതകളുടെ കുറവുണ്ടെന്ന് താലിബാനും സമ്മതിക്കുന്നുണ്ട്.

ഭൂകമ്പത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകളാണ് തകർന്ന് തരിപ്പണമായത്.