suresh-gopi

തിരുവനന്തപുരം: കേന്ദ്രമന്തിസ്ഥാനം രണ്ടുദിവസത്തേക്ക് രാജിവച്ച് ട്രാൻസ്‌ജെൻഡർ സമൂഹത്തിനുവേണ്ടിയുള്ള സമരം നയിക്കുമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡേഴ്സിനൊപ്പമുള്ള ഓണാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സർക്കാർ നൽകാനുള്ള ധനസഹായം നൽകിയില്ലെങ്കിൽ അടുത്ത ഓണത്തിനുമുമ്പ് കരുവന്നൂർ മാേഡൽ സമരം ആരംഭിക്കും. ട്രാൻസ് സമൂഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. സംസ്ഥാനസർക്കാർ ധനസഹായം നൽകണം. ട്രാൻസ് സമൂഹത്തിലെ പത്തുപേർക്കുകൂടി ശസ്ത്രക്രിയക്കായി തുക നൽകും. ട്രാൻസ് സമൂഹത്തിനൊപ്പം ഞാൻ എപ്പോഴും ഉണ്ടാകും. ധസസഹായം നൽകാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസ്ഥാനം രണ്ടുദിവസത്തേക്ക് രാജിവച്ച് സമരം നയിക്കും. അതിനുശേഷം തിരികെച്ചെന്ന് വീണ്ടും മന്ത്രിയാവും- സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ, ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമാേ എന്ന ചോദ്യത്തിന് ഞാനൊരു മന്ത്രിയാണെന്നായിരുന്നു സുരേഷ് ഗോപി മറുപടി നൽകിയത്. മെഡിക്കൽ കോളേജിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം. ചോദ്യത്തോട് ആദ്യം പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി പിന്നീടാണ് ഇങ്ങനെ പ്രതികരിച്ചത്.

സംസ്ഥാനസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അയ്യപ്പസംഗമത്തിലേക്ക് സുരേഷ് ഗോപിയെ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെ സംഗമത്തിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഗമത്തിനെതിരെ ബിജെപി കടുത്തവിമർശനം ഉയർത്തുന്ന പശ്ചാത്തലത്തിൽ ഇവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയോടുള്ള ചോദ്യം.