v-s-sujith

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത നടപടിയിൽ തൃപ്തിയില്ലെന്ന് മർദ്ദനത്തിനിരയായ വി എസ് സുജിത്ത്. ഉദ്യോഗസ്ഥർക്ക് സ‌ർക്കാർ സർവീസിൽ തുടരാൻ അർഹതയില്ലെന്നും സുജിത്ത് പറഞ്ഞു. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നുന യുവാവ്.

'സസ്‌പെൻഷൻ ശുപാർശയിൽ സംതൃപ്തിയില്ല. മ​റ്റൊരു വകുപ്പിൽ ജോലി ചെയ്യുന്ന ഷുഹൈർ ഉൾപ്പെടെയുളള അഞ്ച് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണം. അവർക്ക് തക്കതായ ശിക്ഷയും നൽകണം. അവർക്ക് സർക്കാർ സർവീസിൽ തുടരാൻ അർഹതയില്ല. അതുവരെ പോരാടാനാണ് ഞങ്ങളുടെ തീരുമാനം. ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദി.

എല്ലാ പൊലീസ് സ്​റ്റേഷനിലും സിസിടിവി വേണമെന്ന കേസിൽ കക്ഷി ചേരും. ജീപ്പിൽ നിന്ന് ഒരു കൂട്ടുകാരനെ കൊണ്ടുപോകുന്ന പോലെയാണ് അവർ എന്നെ സ്‌​റ്റേഷനിലേക്ക് കൊണ്ടുപോയത്. സന്ദീപും ശശീന്ദ്രനും മാറിമാറിയാണ് ചൂരലുപയോഗിച്ച് എന്റെ കാലിൽ അടിച്ചത്. ഡിഐജി ഹരിശങ്കർ സിസിടിവി ദൃശ്യങ്ങൾ നേരത്തെ കണ്ടിരുന്നു. എന്നിട്ടും ഈ സംഭവം വളരെ ലളിതമായിട്ടാണ് അദ്ദേഹം എടുത്തത്. ഹരിശങ്കറിനെതിരെ കേസെടുക്കണമോയെന്ന കാര്യം പാർട്ടി നേതൃത്വമായിട്ട് ആലോചിച്ചിട്ട് ചെയ്യും'- സുജിത്ത് പറഞ്ഞു.

2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌​‌‌റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു.