khalistani-terror-groups

ഒട്ടാവ: ഖാലിസ്ഥാനി തീവ്രവാദ സംഘടനകൾ കാനഡയിൽ സജീവമാകുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് കനേഡിയൻ സർക്കാരിന്റെ റിപ്പോർട്ട്. ഖാലിസ്ഥാനി സംഘടനകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കാനഡയിൽ ശക്തി പ്രാപിക്കുകയാണെന്നും വിവരങ്ങൾ പുറത്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ദീർഘകാലമായി നടന്നു വരികയാണെന്നും കനേഡിയൻ സർക്കാരിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാനഡയിലെ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായങ്ങളുടെ അപകട സാദ്ധ്യതകൾ തു‌ടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കനേഡിയൻ സർക്കാർ പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കാനഡയിൽ നിന്ന് ഉത്ഭവിക്കുന്ന ഫണ്ടുകളുടെ സ്വീകർത്താക്കൾ പ്രധാനമായും രണ്ട് ഗ്രൂപ്പുകളാണ്. ഒന്ന് ബബ്ബർ ഖൽസ ഇന്റർനാഷണൽ, രണ്ട് ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ. ഇവയെ പ്രത്യേകമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിനു വേണ്ടി ഹിംസാത്മകമായ വഴികളിലൂടെ പിന്തുണയ്ക്കുന്ന ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾ കാനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഫണ്ട് സ്വരൂപിക്കുന്നതായിട്ടാണ് സംശയിക്കപ്പെടുന്നത്. ഖാലിസ്ഥാൻ തീവ്രവാദികൾ രാഷ്ട്രീയ പ്രേരിതമായ ആക്രമാത്മക തീവ്രവാദം (PMVE) എന്ന വിഭാഗത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾ, പുതിയ രാഷ്ട്രീയ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽ പുതിയ ഘടനകളെയും മാനദണ്ഡങ്ങളെയും സ്ഥാപിക്കുന്നതിന് ആക്രമണ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഒരുകാലത്ത് കാനഡയിൽ വിപുലമായ ധനസമാഹാരണ ശൃംഖലയുണ്ടായിരുന്ന ഖാലിസ്ഥാനികൾ ഇപ്പോൾ ആ ലക്ഷ്യത്തോട് വിശ്വസ്തരായ വ്യക്തികളിലൂടെ പണം സ്വരൂപിച്ചാണ് പ്രവർത്തനങ്ങൾ സജീവമാക്കുന്നത്.

ബാങ്കിംഗ് സേവനങ്ങൾ ദുരുപയോഗം ചെയ്തും, ക്രിപ്‌റ്റോകറൻസികൾ, ചാരിറ്റി, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെയാണ് ഹമാസും ഹിസ്ബുള്ളയും ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത്. ഖാലിസ്ഥാനി സംഘടനകളെ സംബന്ധിച്ചിടത്തോളം, പ്രവാസി സമൂഹമാണ് പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ലാഭേച്ഛയില്ലാത്ത സം‌ഘടനകൾ വഴി ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രവാസി സമൂഹങ്ങളിൽ നിന്ന് സംഭാവനകൾ അഭ്യർത്ഥിക്കാൻ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കാന‌ഡയുടെ ഈ റിപ്പോർട്ടിനോട് കേന്ദ്ര സർക്കാ‌ർ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

എൺപതുകൾ മുതൽ കാനഡ ആസ്ഥാനമായാണ് ഖാലിസ്ഥാൻ തീവ്രവാദികൾ തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പഞ്ചാബിനുള്ളിൽ, ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രം സൃഷ്ടിക്കാൻ അക്രമാസക്തമായ മാർഗങ്ങൾ ഉപയോഗിച്ച് ഇവർ പിന്തുണയ്ക്കാൻ ശ്രമിച്ചിരുന്നുവെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് 2024 ജൂൺ 18ന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.ഈ റിപ്പോർട്ടിനെ തുടർച്ചയാണ് പുതിയ കണ്ടെത്തൽ.

ഇന്ത്യ-കാനഡ പശ്ചാത്തലം

2023 സെപ്തംബറിൽ അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച സമയത്ത് ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഈ സമയത്താണ് റിപ്പോർട്ട് പുറത്തുവന്നത്. അസംബന്ധവും ബാഹ്യപ്രേരിതവുമെന്ന് ചൂണ്ടികാണിച്ചു കാനഡയുടെ ആരോപണത്തെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി. എന്നാൽ ട്രൂഡോയുടെ പിൻഗാമിയായി മാർക്ക് കാർണി അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായുള്ള ശ്രമങ്ങളും തുടങ്ങി. പ്രതിനിധികളെ പുനഃസ്ഥാപിച്ചെങ്കിലും കാനഡയിലെ ഖാലിസ്ഥാനി ഗ്രൂപ്പുകൾക്കെതിരായ ശക്തമായ നടപടികൾ ഇപ്പോഴും അനിശ്ചിത്വത്തിലാണ്.