pookalam

കൊല്ലം: ശാസ്താംകോട്ടയിൽ പൂക്കളത്തിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയവർക്കെതിരെ പൊലീസ് കേസെടുത്തെന്ന് പരാതി. മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ പൂക്കളത്തിന്റെ പേരിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയത് മായ്‌ക്കണമെന്ന് ക്ഷേത്ര കമ്മിറ്റിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നമായത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും പൂക്കളത്തിൽ എഴുതിയത് മായ്‌ക്കാൻ വിസമ്മതിച്ചവർക്കെതിരെ കേസെടുക്കുകയുമായിരുന്നെന്നാണ് സൂചന.

'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയത് നീക്കം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ ഏറെ പ്രചരിച്ചിരുന്നു.'ഓപ്പറേഷൻ സിന്ദൂർ ഇതിൽ നിന്ന് മാറ്റണം, തിരുവോണനാളിലാണോ ഓപ്പറേഷൻ സിന്ദൂർ, മാറ്റണം ഇപ്പോൾ, എല്ലാം, മാറ്റടോ..' എന്നാണ് പൊലീസ് വീഡിയോയിൽ പറയുന്നത്.

അതേസമയം ആർഎസ്എസ് പ്രവർത്തകരും ചില നാട്ടുകാരും ചേർന്നാണ് പൂക്കളമൊരുക്കിയതെന്ന് പൂക്കളമിട്ടവരുടെ കൂട്ടത്തിൽ ഒരാൾ ചില മാദ്ധ്യമങ്ങളോട് പറഞ്ഞു. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുൻ സൈനികനായ ശരതിനെ ഒന്നാം പ്രതിയും, നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന അശോകൻ രണ്ടാം പ്രതിയും, കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രമുറ്റത്ത് ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ളക്‌സ് വച്ചെന്നും എഫ്‌‌ഐആറിൽ പറയുന്നുണ്ട്.