police-officers

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിനിരയായ സംഭവത്തിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. യുവാവിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്‌ത്തലോ പിരിച്ചുവിടലോ ഉണ്ടാകാനാണ് സാദ്ധ്യത. സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തിരിക്കുകയാണ്. ഉത്തര മേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തരമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്.

എസ് ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടിക്ക് സാദ്ധ്യമല്ല. നാല് പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്‌പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകാനാണ് സാദ്ധ്യത. അതേസമയം, സസ്‌പെൻഷനല്ല, ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് മർദ്ദനത്തിനിരയായ വിഎസ് സുജിത്ത് ആവശ്യപ്പെടുന്നത്.

സസ്‌പെൻഷൻ ശുപാർശയിൽ തൃപ്തിയില്ലെന്നാണ് സുജിത്ത് പ്രതികരിച്ചത്. ഉദ്യോഗസ്ഥർക്ക് സ‌ർക്കാർ സർവീസിൽ തുടരാൻ അർഹതയില്ലെന്നും സുജിത്ത് പറഞ്ഞു. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്‌​‌‌റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു.