vd-satheesan

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാല് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂവെന്നും മാത്രമല്ല ഈ നടപടി രണ്ട് വർഷം മുൻപ് സ്വീകരിക്കേണ്ടതായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

'നാല് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ല. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വർഷം മുൻപ് സ്വീകരിക്കേണ്ടതായിരുന്നു.

ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ശേഷവും സർക്കാർ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച മുൻ പൊലീസ് ഡ്രൈവറെ സർക്കാർ ഇപ്പോഴും ചേർത്ത് പിടിക്കുന്നത് ആർക്കു വേണ്ടിയാണ്? കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സർവീസിൽ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യു.ഡി.എഫ് സമരം തുടരും'- പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പ് വ്യക്തമാക്കി.

അതേസമയം, നാല് പൊലീസുകാരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേരത്തെ തൃശൂര്‍ റേഞ്ച് ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ തുടരാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചിരുന്നു. എസ് ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈര്‍ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ വകുപ്പുതല നടപടിക്ക് സാദ്ധ്യമല്ല. നാല് പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിരുന്നു.