a

വാനോളം പ്രതീക്ഷകളുമായാണ് ഇത്തവണ തിരുവോണ നാളിൽ മാവേലിത്തമ്പുരാൻ പാതാള രാജ്യത്തു നിന്ന് പ്രിയനാടായ മലയാളക്കരയിലേക്ക് തിരിച്ചത്. നാടെങ്ങും ആഘോഷത്തിമിർപ്പിന്റെ കേളികൊട്ട്. ഉത്രാടപ്പാപ്പാച്ചിലിനു മുമ്പേ ഉണർന്ന് വിപണികൾ. പത്തു ദിവസത്തേക്ക് സ്കൂളുകൾ അടച്ചതിന്റെ ആഹ്ളാദവുമായി നാട്ടിൻപുറങ്ങളിൽ കുട്ടികൾ തൊടികളിലും പറമ്പുകളിലും ഓടിച്ചാടി നടക്കുന്നു. പണ്ടൊക്ക തലപ്പന്തു കളിയും ഊഞ്ഞാലാട്ടവുമൊക്കെ പതിവായിരുന്നു. വീട്ടുമുറ്റങ്ങളിൽ അത്തപ്പൂക്കളങ്ങൾ ഒരുക്കി തന്നെ വരവേൽക്കാൻ ചെറിയ വട്ടികളും കലപിലകളുമായി തെച്ചിയും ചെമ്പരത്തിയും കുടമുല്ലയും തുമ്പപ്പൂവും കാശിപ്പൂവുമൊക്കെ ശേഖരിക്കാൻ കുട്ടികൾ ഓടിനടന്നിരുന്നു...

കാലം മാറിയില്ലേ?​ ഇപ്പോൾ ഗ്രാമവീഥികളിലും വയൽവരമ്പുകളിലുമൊന്നും നാടിന് വസന്തം പകർന്നിരുന്ന പൂക്കൾ തീരെ കാണാനില്ല. ഉള്ളിടങ്ങളിൽ പോയി പൂക്കളിറുക്കാൻ കുട്ടികൾക്കും സമയമില്ല. കുറെ കുട്ടികൾ

കമ്പും കോലുമായി നിന്ന് കളിക്കുന്നുണ്ട്. അത് പഴയ കോൽക്കളിയല്ല,​ ക്രിക്കറ്റാണ്. ആമ്പൽപ്പൂക്കൾ ഇറുക്കാനും നീന്തിത്തുടിക്കാനും പുഴകളിലും അരുവികളിലും കുളങ്ങളിലും ചുണക്കുട്ടികളില്ല. ഇന്ന് അതിനെവിടെ, ശുദ്ധമായ പുഴകളും ആരുവികളും? അധികവും മലിനജലമല്ലേ? 'പുഴകൾ... മലകൾ... പൂവനങ്ങൾ, ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ" എന്നതൊക്ക സിനിമാപ്പാട്ടിൽ ഒതുങ്ങി.

മലകളും കുന്നുകളും കൂറ്റൻ പാറക്കൂട്ടങ്ങളുമൊക്ക ഇടിച്ചുനിരത്തൽ തകൃതി. പ്രകൃതിയെ ഇങ്ങനെ നോവിക്കുന്നതിന്റെ തിക്തഫലമല്ലേ മണ്ണും മനുഷ്യരും ഒലിച്ചുപോകുന്ന ഉരുൾ പൊട്ടലുകളും മഹാ പ്രളയങ്ങളും. ദുരന്തങ്ങൾ തുടർക്കഥയായിട്ടും മലയാളികൾക്ക് ഇതൊന്നും പാഠമാകുന്നില്ലല്ലോ! തിരുവോണമാണ്; വെറുതെ കുറ്റങ്ങൾ പറഞ്ഞ് ആഘോഷ മൂഡ് കളയേണ്ട. 'നാടോടുമ്പോൾ നടുവേ ഓടണം"

എന്നല്ലേ പ്രമാണം! എങ്കിലും പഴയ കാര്യങ്ങൾ ഒന്ന് അയവിറക്കിപ്പോയതാണ്. ആർക്കും

തീരെ ക്ഷമയില്ലാത്ത കാലം. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് കൈയേറ്റം! 'ക്ഷമിക്കൂ പ്രജകളേ..." എന്നു പറയാനും ഒരു മടി!

 

ശിവ ശിവ! കേരളത്തിന് ഇതെന്തു പറ്റി?​ തിരുവോണ നാളിൽ ചാനലുകളിലും പത്രങ്ങളിലും നാട്ടിലാകെയും ചർച്ചാ വിഷയം പൊലീസ്! തൃശൂർ കുന്നംകുളത്തെ പൊലീസുകാരുടെ ക്രൂരവിനോദങ്ങൾ. അയൽവാസികളായ ചില ചെറുപ്പക്കാരെ അനാവശ്യമായി അസഭ്യം പറഞ്ഞ പെലീസുകാരുടെ നടപടി ചോദ്യം ചെയ്തതാണ് അവിടത്തുകാരൻ സുജിത് എന്ന പൂജാരി യുവാവ് ചെയ്ത കുറ്റം. കലിപൂണ്ട എസ്.ഐ ഏമാനും പൊലീസുകാരും യുവാവിനെ തൂക്കിയെടുത്ത് ജീപ്പിലിട്ട് പാഞ്ഞു. പൊലീസ് സ്റ്റേഷന് പുറത്തു വച്ചുതന്നെ

ഉടുപ്പൂരിച്ച് തുടങ്ങി,​ നടയടി...

പിന്നെ, സ്റ്റേഷനകത്ത് കൊണ്ടുപോയി കുനിച്ചു നിറുത്തി കൂമ്പിനിടി. തല പിടിച്ച് ചുവരിലിടി. പാദങ്ങളിൽ ചൂരൽ പ്രയോഗം. പാദങ്ങളിലെ ചൂരലടിയുടെ ആഘാതം ഏല്ക്കുന്നത് മസ്തിഷ്കത്തിലാണെന്ന് ജയിൽവാസ കാലത്തെ പീഡനങ്ങളെക്കറിച്ച് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വെളിയം ഭാർഗവൻ പറഞ്ഞത് പണ്ട് ഇതുപോലൊരു ഓണക്കാലത്തായിരുന്നു. മർദ്ദനത്തിൽ ചെവിക്കല്ല് പൊട്ടിയ സുജിത് ചികിത്സയിലാണ്. നാട് ഏറെ പരിഷ്കൃതമായി. വിദ്യാസമ്പന്നരായ ധാരാളം ചെറുപ്പക്കാർ പൊലീസിൽ ചേർന്നു. എന്നിട്ടും, പഴയ ബ്രിട്ടീഷ് ഭരണ കാലത്തെ മൂന്നാംമുറ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഇപ്പോഴും... ഹാ കഷ്ടം!

അസുര രാജാവായ നാം നാടു വാണപ്പോൾ കള്ളവും ചതിയും ക്രൂരതയുമില്ലാതെ മാനുഷരെല്ലാം ആമോദത്തോടെ ജീവിച്ച കാലമായിരുന്നു. എങ്കിലും അസുരന്മാർ മനുഷ്യരോടു കാട്ടിയ ക്രൂരതകൾ ഏറെ കേട്ടിരുന്നു. ഈ പഴമനസിൽ ഒരാശങ്ക. പാതാളത്തിലെ ചില അസുരന്മാർ പുനർജന്മം പൂണ്ട് മനുഷ്യരായി കേരള

പൊലീസിൽ ചേർന്നോ?ചുണക്കുട്ടികളെന്ന് പേരുകേട്ട കേരള പൊലീസിനു തന്നെ നാണക്കേടായ ഈ അസുരന്മാരെ സർക്കാർ സസ്പെൻഡ് ചെയ്തു. രണ്ടുവർഷം മുമ്പ് നടന്ന ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് മർദ്ദനമേറ്റ യുവാവ് നടത്തിയ നീണ്ട നിയമ പോരാട്ടത്തിനു ശേഷം. പാതാള ലോകത്താണെങ്കിൽ ഇത്തരം കാടന്മാരെ നാം തുറുങ്കിലടച്ചിരിക്കും.

കുന്നംകുളത്ത് പൊലീസ് മർദ്ദനമേറ്റ സുജിത് യൂത്ത് കോൺഗ്രസിന്റെ നേതാവാണ്. എന്നാൽ, നിരപരാധിയായ ഒരു ഭരണപക്ഷക്കാരനും കിട്ടി,​ പൊലീസ് സ്റ്റേഷനിൽ തല്ല്! സമീപവാസിയുടെ കുടുംബ പ്രശ്നം ഒത്തുതീർക്കാനെത്തിയ സി.പി.എം നെടുമ്പന ലോക്കൽ സെക്രട്ടറി സജീവിനെ കൊല്ലം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കഴുത്തിന് പിടിച്ചുതള്ളി മർദ്ദിച്ചെന്നാണ് പരാതി. പൊലീസ് സ്റ്റേഷനുകളിലെങ്കിലും ഉണ്ടല്ലോ സ്ഥിതി സമത്വം! അതിനിടെ, തൂശൂരിലെ പീച്ചി പൊലീസ് സ്റ്റേഷനിൽ നടന്ന മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നു. പൊലീസിലെ ക്രിമിനൽ കൂട്ടങ്ങളെ നിയന്ത്രിക്കാൻ ഇവിടെ ഭരണാധികാരികളില്ലേ?മാതൃകാ പൊലീസ് സ്റ്റേഷൻ എന്ന ബോർഡ് ചില സ്റ്റേഷനുകൾക്കു മുന്നിൽ തൂക്കിയിട്ടിരിക്കുന്നതു കണ്ടു. ഇതാണോ മാതൃകാ പൊലീസ്?

 

പറയുമ്പോൾ നല്ല കാര്യങ്ങളും പറയണമല്ലോ. ആരും പട്ടിണി കിടക്കാത്ത ഓണമെന്ന സർക്കാരിന്റെ പ്രഖ്യാപനം നടപ്പായതിൽ പെരുത്ത് സന്തോഷം. സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും ബോണസും സാമൂഹ്യക്ഷേമ പെൻഷൻകാർക്ക് പെൻഷനും... അല്ലലില്ലാതെ അവരെല്ലാം ഓണമുണ്ടു. എങ്കിലും സാമൂഹ്യക്ഷേമ പെൻഷൻകാർക്ക് ഒരു പരിഭവം. സംഘടിത മേഖലകളിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ബോണസ്

വിഹിതം കൂട്ടിയപ്പോൾ പാവപ്പെട്ട തങ്ങൾക്ക് സർക്കാർ നൂറു രൂപ പോലും കൂട്ടിയില്ലല്ലോ!

കേരം തിങ്ങും കേരള നാട്ടിൽ തേങ്ങയ്ക്ക് ക്ഷാമം. കിലോയ്ക്ക് 80 രൂപ! ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 460 രൂപ കടന്നതാണ്. ഓണത്തിന് വില 500 രൂപ കടത്താനായിരുന്നു ചില പൂഴ്‌ത്തിവയ്പുകാരുടെ ശ്രമം. സർക്കാർ ഇടപെട്ട് സബ്സിഡി നിരക്കിൽ നമ്മുടെ പേരിലുള്ള കടകൾ വഴി നൽകിയതോടെ പൊതുവിപണിയിലും വെളിച്ചെണ്ണയുടെ വില ഓണത്തിന് നാന്നൂറ് രൂപയിൽ താഴെ നിന്നു. സർക്കാർ ഇടപെടലിൽ അരി ഉൾപ്പെടെ മറ്റു സാധനങ്ങൾക്കും വില കുറഞ്ഞത് നല്ല കാര്യം. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ ഓണാഘോഷം കെങ്കേമമായി. എങ്കിലും, തുച്ഛമായ പ്രതിഫല വർദ്ധനയ്ക്കായി കഴിഞ്ഞ 200 ദിവസമായി സമരം ചെയ്യുന്ന ഒരുകൂട്ടം ആശമാർ തിരുവോണ നാളിൽ സെക്രട്ടേറിയറ്റ് പടിക്കൽ നിലത്തിരുന്ന് ഓണസദ്യ ഉണ്ണുന്നത് കാണേണ്ടിവന്നത് നമ്മുടെ മനസിൽ നിന്ന് മായുന്നില്ല. സമരം ഇത്ര നീളാൻ കാരണം ആരുടെ വാശി? എന്തായാലും,​ ഓണത്തിനു മുമ്പെങ്കിലും ആശാ സമരം തീർക്കേണ്ടിയിരുന്നു.

ആവശ്യത്തിന് മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളുമില്ലാതെ, സർക്കാർ ആശുപത്രികളിലെത്തുന്ന

പാവപ്പെട്ട രോഗികൾ നേരിടുന്ന ദുരിതം അസഹനീയം. മെഡിക്കൽ കോളേജുകളിൽപ്പോലും ഹൃദ്രോഗ ചികിത്സയ്ക്ക് ഉപകരണങ്ങൾക്കും മരുന്നിനും ക്ഷാമം. കുടിശിക 160 കോടി കടന്നതോടെ സർക്കാർ ആശുപത്രികൾക്കുള്ള വിതരണം നിറുത്തിവച്ച് മരുന്നു കമ്പനികൾ. സർക്കാർ ആശുപത്രികൾ ഏക ആശ്രയമായ സാധാരണക്കാരും പട്ടിണിപ്പാവങ്ങളും എന്തു ചെയ്യും? കേന്ദ സർക്കാർ കഴുത്തു ഞെരിക്കുന്നതാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അറിയാം. എങ്കിലും, കാണം വിറ്റും ഓണമുണ്ണണം എന്ന് പറയുന്നതു പോലെ, സർക്കാർ മുണ്ട് മുറുക്കിയുടുത്തും ആദ്യം ഏഴകളെ കാക്കുക. കഷ്ടപ്പെട്ടു പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ കടന്നുകൂടിയിട്ടും ജോലി ലഭിക്കാത്തവർ ഉൾപ്പെടെ നിരാശപൂണ്ട് കഴിയുന്ന കേരളത്തിലെ തൊഴിലില്ലാപ്പടയുടെ വേദനകളും നാം കാണുന്നു. എങ്കിലും, ഓണം സമത്വത്തിന്റെയും സമൃദ്ധിയുടെയും സുഖദമായ ഓർമ്മ പുതുക്കലാണ്. ഒപ്പം, പ്രതീക്ഷകളുടെയും. അടുത്ത ഓണം വരെ വിട... 'എന്ന് സ്വന്തം മാവേലി."

നുറുങ്ങ്:

□സർക്കാരും ദേവസ്വം ബോർഡും നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാറിന്റെയും അയ്യപ്പ സംഗമം!

■ അയ്യപ്പൻ ആർക്കൊപ്പമെന്ന് കാത്തിരുന്നു കാണാം.

(വിദുരരുടെ ഫോൺ: 99461 08221)