
സിനിമാഭിനയരംഗത്ത് നിരവധി പ്രതിസന്ധികൾ നേരിട്ട നടിയാണ് സുരഭി ലക്ഷ്മി. ആദ്യമായി നായികയായി വേഷമിട്ട ചിത്രത്തിൽ തന്നെ ദേശീയ പുരസ്കാരവും അവർ സ്വന്തമാക്കിയിരുന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാർ, സുരഭിയെക്കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് സുരഭി നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.
'ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയെടുത്ത നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങെന്ന ചിത്രത്തിനാണ് സുരഭിക്ക് മികച്ച നടിക്കുളള പുരസ്‌കാരം ലഭിച്ചത്. ആ ചിത്രത്തിൽ സുരഭി അഭിനയിക്കുന്നതിന് സംവിധായകന് താൽപര്യക്കുറവുണ്ടായിരുന്നു. സുരഭി സീരിയൽ നടിയാണെന്നതായിരുന്നു സംവിധായകൻ കണ്ട ന്യൂനത. തിരുവനന്തപുരം ശൈലിയിൽ സംസാരിക്കണമെന്ന നിബന്ധനയോടെയാണ് സുരഭിയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്.
ഏത് ചോദ്യത്തിനും കുറിക്കുകൊളളുന്ന രീതിയിലാണ് സുരഭി മറുപടി പറയുന്നത്. എആർഎമ്മിൽ ടൊവിനോയുടെ നായികയാകാൻ കളരിയും ബ്ലാക്ക് മാജിക്കും പഠിച്ചു. മാണിക്യം എന്ന വേഷമാണ് അവർ അഭിനയിച്ചത്. കാലടി സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ഒന്നാം റാങ്കോടുകൂടിയുളള ബിരുദവും തീയേറ്റർ ആർട്ട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ താരം കൂടിയാണ്. പുരസ്‌കാരങ്ങൾക്ക് അർഹതപ്പെട്ട നടിയാണ് സുരഭി. എന്നാൽ മലയാള സിനിമ അവരെ വേണ്ടവിധത്തിൽ ഉപയോഗിച്ചോയെന്ന് പരിശോധിക്കേണ്ട കാര്യമാണ്.
കൂടെ പഠിച്ച ഉന്നത സംവിധായകർ പോലും വേഷമില്ലെന്ന് പറഞ്ഞ് സുരഭിയെ ഒഴിവാക്കിയിരുന്നു. മറ്റൊരു ഭാഷയിലായിരുന്നുവെങ്കിൽ സുരഭി വലിയ സ്ഥാനങ്ങൾ കൈയടക്കുമായിരുന്നു. തന്റെ വഴികൾ കല്ലും മുളളും നിറഞ്ഞതാണെന്നും അതിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്ന് സുരഭി തന്നെ പറഞ്ഞിട്ടുണ്ട്. അമ്മ തന്നെ ഗർഭിണിയായിരുന്നപ്പോൾ ഒഴിവാക്കാൻ എല്ലാ രീതിയും പരീക്ഷിച്ചിട്ടുണ്ടെന്ന് സുരഭി പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. നാണക്കേട് ഓർത്തിട്ടായിരിക്കാം അമ്മ അങ്ങനെ ചെയ്തതെന്നായിരുന്നു സുരഭി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.