
ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. സെപ്തംബർ ഏഴ്, എട്ട് തീയതികളിലാണ് സമ്പൂർണ ചന്ദ്രഗ്രഹണം നടക്കാൻ പോകുന്നത്. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രോപരിതലത്തെ പൂർണമായി മൂടുകയാണ്. ഭൗമാന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോൾ നീല, പച്ച തുടങ്ങിയ തരംഗ ദൈർഘ്യം കുറഞ്ഞ വർണങ്ങൾ ചിതറിപ്പോകുന്നു. തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ ചന്ദ്രോപരിതലത്തിൽ പതിക്കുന്നു. ഇതാണ് ഗ്രഹണസമയത്തെ ചുവപ്പ് നിറത്തിന് കാരണം.
സെപ്തംബർ എഴിന് ഇന്ത്യൻ സമയം രാത്രി 8:58ന് ആരംഭിച്ച് രാത്രി 11:41ന് പൂർണ്ണതയിലെത്തുകയും സെപ്തംബർ എട്ടിന് ഇന്ത്യൻ സമയം പുലർച്ചെ 2:25 ന് അവസാനിക്കുകയും ചെയ്യും. ഗ്രഹണത്തിന്റെ ആകെ സമയം ഏകദേശം 82 മിനിറ്റ് നീണ്ടുനിൽക്കും. ഇന്ത്യയിലുടനീളം ഗ്രഹണം ദൃശ്യമാകും, ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ചാന്ദ്ര സൗന്ദര്യം ആസ്വദിക്കാം.
ചന്ദ്രഗ്രഹണ സമയത്തിനെ കുറിച്ച് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നു. ചന്ദ്രഗ്രഹണ സമയത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളെ കുറിച്ച് ജ്യോതിഷികൾ പറയാറുണ്ട്. എന്നാൽ അവയെക്കുറിച്ച് പലർക്കും അറിയില്ല. അവ എന്തൊക്കെയെന്ന് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണം. ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് വിശ്വാസം. ഈ സമയത്ത് ഉപവസിക്കണം എന്നും പറയപ്പെടുന്നു. ചന്ദ്രഗ്രഹണത്തിന് ശേഷം കുളിക്കുന്നതും വസ്ത്രങ്ങൾ ശുദ്ധമായ വെള്ളത്തിൽ കഴുകുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു.