samrajyam

അലക്സാണ്ടർ എന്ന സ്റ്റൈലിഷ് അധോലോക രാജാവായി മമ്മൂട്ടി വീണ്ടും പ്രേക്ഷകരിലേക്ക്. ഫോർ കെ ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്ന ചിത്രത്തിന്റെ റീ മാസ്റ്റർ ചെയ്ത ട്രെയിലർ പുറത്ത് വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് സെപ്തംബർ 19നാണ് സാമ്രാജ്യം വീണ്ടും തിയേറ്ററുകളിൽ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നത്. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സാമ്രാജ്യം ജോമോന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.

1990ൽ വൻ വിജയമായിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു സാമ്രാജ്യം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ 100 ​​മുതൽ 200 ദിവസം വരെ ഓടുകയും മലയാള സിനിമയിൽ മെഗാസ്റ്റാ‌ർ എന്ന നിലയിൽ മമ്മൂട്ടിയുടെ പദവി ഉയരുകയും ചെയ്തു. ബെൻസ് ഉൾപ്പെടെയുള്ള ആഡംബര കാറുകളുടെ വിപുലമായ ഉപയോഗം, പ്രേക്ഷകരെ ആകർഷിക്കുകയും മലയാള സിനിമ അന്നു വരെ കണ്ടിട്ടില്ലാത്ത ശൈലിയും അവതരണവും വഴി മലയാള സിനിമയെ പുനർനിർവചിക്കുകയും ചെയ്തു.

മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് പുറമേ, മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ എന്നിവരുൾപ്പെടെ മികച്ച താരനിരകൾ സിനിമയിലുണ്ട്. പാട്ടുകൾ ഇല്ലാതെ ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നല്‍കിയ ചിത്രമെന്ന സവിശേഷതയും സാമ്രാജ്യത്തിനുണ്ട്.

ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസ്സനാണ് സാമ്രാജ്യത്തിന്റെ നിർമ്മാണം. ഷിബു ചക്രവർത്തിയാണ് രചന. മഹാഭാരതത്തിൽ നിന്നും വിധു വിനോദ് ചോപ്രയുടെ 'പരിന്ദ'യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 75 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം ഏറ്റവും ചെലവേറിയ മലയാള സിനിമകളിൽ ഒന്നായിരുന്നു.