s

പാലക്കാട്: കൊല്ലങ്കോട്ടെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റിൽ നിന്ന് മോഷ്ടിച്ച മൂന്നുലക്ഷം രൂപയുടെ മദ്യം മുഴുവനും കിട്ടിയ വിലയ്ക്ക് തിരുവോണ ദിവസം തന്നെ വിറ്രുതീർത്തുവെന്ന് അറസ്റ്റിലായ മുഖ്യപ്രതി കൊല്ലങ്കോട് സ്വദേശി ശിവദാസന്റെ മൊഴി. വിൽക്കാനായാണ് അര ലിറ്ററിന്റെ ബോട്ടിലുകൾ മാത്രം മോഷ്ടിച്ചത്. എന്നാൽ, 2,200 രൂപയുടെ ഒരു കുപ്പി മദ്യം കൂടി മോഷ്ടിച്ചിരുന്നു. അത് ഒറ്റയ്ക്ക് കുടിച്ചുതീർത്തു. വിലകൂടിയ മദ്യം കഴിക്കണമെന്നത് ദീർഘകാലമായ ആഗ്രഹമായിരുന്നു എന്നതുകൊണ്ടാണിതെന്നും പ്രതി പൊലീസിന് മൊഴി നൽകി.

നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ശിവദാസനെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച മദ്യം വില്പനയ്ക്ക് സഹായിച്ച കൊല്ലങ്കോട് സ്വദേശി രമേശിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി.

അതിനിടെ, മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ സിസി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾ അകത്തു കയറി മദ്യം മോഷ്ടിക്കുന്നതും ചാക്കുകളിലാക്കി പുറത്തെത്തിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. തിരുവോണ ദിവസം പുലർച്ചെ 2.30നായിരുന്നു മോഷണം. പിൻവശത്തെ ഒഴിഞ്ഞ പറമ്പിന്റെ മതിൽ ചാടിക്കടന്നാണ് അകത്ത് കടന്നത്.

ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാനാവും വിധം ഔട്ട്‌ലെറ്റിന്റെ ചുമര് പൊളിച്ചു. ശിവദാസനും രവിയും അകത്ത് കടന്നു. പുറത്തു നിൽക്കുകയായിരുന്ന രമേശിന് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി കൈമാറി. രാവിലെ 7.30നാണ് അവസാന ചാക്കുമെടുത്ത് പുറത്തുകടന്നത്.

അഞ്ചു മണിക്കൂർ കൊണ്ട് പത്തിലധികം ചാക്കുകളിലാക്കിയാണ് മദ്യക്കുപ്പികൾ പുറത്തെത്തിച്ചത്. രണ്ടു ചാക്ക് മദ്യക്കുപ്പികൾ ഔട്ട്‌ലെറ്റിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ചാണ് പ്രതികൾ കടന്നത്. പൊലീസ് സാന്നിദ്ധ്യത്തിൽ ബെവ്‌കോ ഉദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചു.