
ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ അതേക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും അഭിപ്രായം പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തില്‍ കേട്ടറിഞ്ഞ് നമ്മളില്‍ പലരും പുതിയ രുചിഭേദങ്ങള്‍ ആസ്വദിക്കാന്‍ പുത്തന്‍ സ്ഥലങ്ങളിലേക്ക് പോകാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഫുഡ് വ്‌ളോഗര്‍മാര്‍ വളരെ സജീവമായ കാലമാണ്. ഓരോ പുതിയ ഹോട്ടലുകളും, അധികം ആര്‍ക്കും അറിയാത്തവയും അവിടുത്തെ രുചികളും പരിചയപ്പെടുത്താറുമുണ്ട്.
ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് ഇഷ്ടമായാല്‍ അക്കാര്യം സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഹോട്ടലിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ എന്താണ് ചെയ്യാന്‍ കഴിയുക. ഒന്നുകില്‍ നിങ്ങള്‍ക്ക് ഹോട്ടല്‍ ജീവനക്കാരെയോ ഉടമയേയോ നേരിട്ട് ഇക്കാര്യം അറിയിക്കാം. അതിന് മടിയുള്ളവര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയെ ആശ്രയിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്താല്‍ കേസാകുമോ എന്നതാണ് പലരുടേയും സംശയം. ഹോട്ടലിലെ നിങ്ങളുടെ അനുഭവം, ഭക്ഷണത്തിന്റെ രുചി മോശമാണെങ്കില്‍ അത്, റിവ്യൂ പോയിന്റ്, ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് എന്നിവ ഉള്‍പ്പെടെ നിങ്ങള്‍ക്ക് തുറന്ന് പറയാനും പോസ്റ്റ് ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. നിയമപരമായി ഇങ്ങനെ ചെയ്യുന്നതിന് മറ്റ് പ്രശ്‌നങ്ങളും ഇല്ല. എന്നാല്‍ ഒരാളും ഈ ഹോട്ടലിലേക്ക് പോകരുത് എന്ന് പറയാനോ പോസ്റ്റ് ചെയ്യാനോ പാടില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയ്ക്ക് നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയും.