
തൃശൂര്‍: പരിഷ്‌ക്കരിച്ച ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് ടെക്സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. 2017ലെ ജി.എസ്.ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വില്‍പ്പനകള്‍ക്ക് അഞ്ച് ശതമാനവും അതിന് മുകളില്‍ 12 ശതമാനവുമാണ്. പുതിയ നിരക്കുപ്രകാരം 1,000 എന്ന പരിധി 2,500ലേക്ക് ഉയര്‍ത്തി. അതിന് മുകളിലുള്ള വില്പനകള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തി.
കഴിഞ്ഞ എട്ടു വര്‍ഷത്തെ പണപെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ 1,000 രൂപയില്‍ നിന്ന് 2,500 രൂപയിലേക്ക് പരിധി ഉയര്‍ത്തിയത് ഒട്ടും ആശ്വാസകരമല്ലെന്ന് ടെക്സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍ പറയുന്നു. 18 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം വസ്ത്രവിപണന മേഖലയ്ക്ക് ആഘാതമാകും. ശരാശരി ഉപഭോക്താവ് ഉത്സവകാലങ്ങളില്‍ ഏതാണ്ട് 2,500 രൂപ വസ്ത്രങ്ങള്‍ക്കായി ചെലവഴിക്കുമെന്നാണ് കണക്ക്.
ഇതിന് മുകളില്‍ 18 ശതമാനം നികുതി ചുമത്തുന്നത് ഉപഭോക്താക്കളെയും കച്ചവടക്കാരെയും സാരമായി ബാധിക്കും. വന്‍കിട കുത്തകകളും ഓണ്‍ലൈന്‍ ഭീമന്മാരും ഉയര്‍ത്തുന്ന ഭീഷണി പരമ്പരാഗത വസ്ത്രവിപണിയെ നഷ്ടത്തിലാക്കിയിട്ടുണ്ട്. നികുതി കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും അഞ്ച് ശതമാനം ഏകീകൃത നിരക്ക് ഏര്‍പെടുത്തണമെന്നും ടെക്സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമന്‍ അഭ്യര്‍ത്ഥിച്ചു.