police-case

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധു രഞ്ജിത്ത് എന്നിവരെയാണ് അക്രമിസംഘം കുത്തിയത്.

ഇവരുടെ അയൽവാസിയായ സഞ്‌ജയും സംഘവുമാണ് ആക്രമണം നടത്തിയത്. വീട്ടിലെ സ്‌ത്രീകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. സഞ്ജയും കൂട്ടരും മദ്യപിച്ച ശേഷം വീടിന് മുന്നിൽ നിന്ന് പരസ്‌പരം ചീത്തവിളിച്ചു. ഇത് രാജേഷും രതീഷും രഞ്ജിത്തും ചോദ്യം ചെയ്‌തു. ഇതോടെയാണ് ആക്രമണമുണ്ടായത്.

വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ മദ്യപസംഘം കത്തിഉപയോഗിച്ച് മൂവരെയും കുത്തുകയും ചെയ്‌തു. രാജേഷിന് കൈയിലാണ് കുത്തേറ്റത്. രതീഷിന് മുതുകിലും രഞ്ജിത്തിന് കാലിലുമാണ് പരിക്ക്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ സഞ്‌ജയ്‌ക്കായി അന്വേഷണം ഊർജ്ജിതമാക്കി.