
കോഴിക്കോട്: മന്ത്രിമാർക്കും എംഎൽഎമാർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി സമസ്‌ത നേതാവ് ഡോക്ടർ ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യക്കുപുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. ബഹുഭാര്യാത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇവർക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇൻചാർജുകളായി വേറെ ആളുണ്ടാകും. അങ്ങനെ ഇല്ലാത്തവർ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ല. ബഹുഭാര്യാത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണ്. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11-ാം വയസിലാണ് വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ബഹുഭാര്യാത്വവും 18 വയസ് പൂര്‍ത്തിയാകുന്നതിന് മുൻപുളള പെൺകുട്ടികളുടെ വിവാഹവും സ്ഥാപിച്ചു കിട്ടാനുള്ള ശ്രമമാണ് മുസ്ലിം വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളെ 18 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിവാഹം കഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ സംഘടനകള്‍ നടത്തുന്നുണ്ട്'- ബഹാവുദ്ദീൻ നദ്‌വി പറഞ്ഞു.
അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ബഹാവുദ്ദീൻ നദ്‌വി. പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിപ്പിക്കുന്നതിനെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മയുടെ വിവാഹത്തെപ്പറ്റി പ്രസംഗത്തിനിടെ സംസാരിച്ചത്.