
നമ്മൾ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത വഴികളിലൂടെയും പണം സമ്പാദിക്കാൻ സാധിക്കും. അത്തരത്തിൽ വൈവിദ്ധ്യമാർന്ന നിരവധി തൊഴിലുകൾ നമ്മുടെ ലോകത്തുണ്ട്. ഏകാന്തത അനുഭവിക്കുന്നവർക്ക്, തങ്ങളുടെ വിഷമതകൾ പറയാൻ ആളുകളെ വാടകയ്ക്കെടുക്കുന്ന പ്രവണത ചൈനയിലുണ്ട്. അതിനുസമാനമായ ജോലി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ യുവതി.
ഇൻസ്റ്റാഗ്രാമിൽ @storyteller_emma എന്ന പേരിൽ അറിയപ്പെടുന്ന എമ്മ എന്ന യുവതി, പണം നൽകി ആളുകളുടെ ദുഃഖങ്ങൾ ഓൺലൈനായി കേൾക്കുന്ന ബിസിനസാണ് ആരംഭിച്ചിരിക്കുന്നത്. 'സുഹൃത്തുക്കളേ, ഞാൻ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിച്ചു. ആളുകളുടെ സങ്കടങ്ങൾ കേൾക്കുന്നതാണ് എന്റെ ബിസിനസ്. നിങ്ങൾക്ക് സങ്കടങ്ങൾ എന്നോട് പറയാം. കേൾക്കാൻ ഞാൻ തയ്യാറാണ്'_ എന്നാണ് എമ്മ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ഈടാക്കുന്ന നിരക്കുകയും യുവതി പങ്കുവച്ചിട്ടുമുണ്ട്.
ചെറിയ പരാതികളാണ് പറയാനുള്ളതെങ്കിൽ 200 രൂപ, വലിയ പ്രശ്നങ്ങൾ പറയണമെങ്കിൽ 400 രൂപ, കണ്ണീരും വാദപ്രതിവാദങ്ങളും ഉൾപ്പെടുന്ന കൂടുതൽ വൈകാരികമായ സെഷന് 1,000 രൂപയാണ് ഈടാക്കുന്നതെന്നും യുവതി വ്യക്തമാക്കി.
'നിങ്ങളുടെ ദുഃഖങ്ങളിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. എനിക്ക് സന്ദേശം അയയ്ക്കുക, എന്നെ ബന്ധപ്പെടുക. നിങ്ങളുടെ ദുഃഖം എന്തുതന്നെയായാലും ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു, നിങ്ങൾ ഒറ്റയ്ക്കല്ല. പണം തയ്യാറാക്കി വച്ചാൽ മതി' എമ്മ പറഞ്ഞു.
വളരെപ്പെട്ടന്നുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ കമന്റ് ചെയ്തു. 'സഹോദരി, ഞാൻ വളരെക്കാലമായി ഈ ജോലി ചെയ്യുന്നു, അതും സൗജന്യമായി'- എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.