jasmine-navya-head

15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഓസ്‌ട്രേലിയയിൽ പിഴ ശിക്ഷ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് 1980 ഓസ്‌ട്രേലിയൻ ഡോളർ താരത്തിൽ നിന്നും ഓസ്‌ട്രേലിയൻ കൃഷി വകുപ്പ് ഈടാക്കിയത്.

നവ്യക്കെതിരെ നടപടിയെടുത്ത ഓസ്‌ട്രേലിയൻ നിയമം

ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ ഒരു നിയമം അനുസരിച്ചാണ് നവ്യക്കെതിരെ ഈ നടപടി എടുത്തിരിക്കുന്നത്. 2015ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നത് വിലക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ ചെടികളും പൂക്കളും തങ്ങളുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്‌മജീവികളെയോ രോഗങ്ങളെയോ കൊണ്ടുവരും എന്ന ചിന്തയാണ് ഇത്തരം നിയമം കർശനമായി നടപ്പാക്കാൻ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്.

ഓസ്ട്രേലിയയിലെ കൃഷിയെയും സ്വാഭാവിക വനത്തെയും ഇത്തരം ചെടികളോ പൂക്കളോ നശിപ്പിക്കും എന്നതാണ് ഇതിന് കാരണം. ഓസ്‌ട്രേലിയ മാത്രമല്ല ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളും ഇത്തരം ഭീഷണി നേരിടുന്നുണ്ട്.

എന്തെല്ലാം കൊണ്ടുവരാം? കൊണ്ടുവരാൻ കഴിയാത്തവ ഏതൊക്കെ?

ഓസ്‌ട്രേലിയൻ സർക്കാരിന്റെ ബോർഡർ വാച്ച് എന്തെല്ലാം സാധനങ്ങൾ കൊണ്ടുവരാം എന്തെല്ലാം കൊണ്ടുവന്നുകൂടാ എന്ന് വ്യക്തമാക്കുന്നുണ്ട്. ചില വസ്‌തുക്കൾ രാജ്യ‌ത്തേക്ക്‌ കൊണ്ടുവരുന്നത് എന്തിനെന്ന് വ്യക്തമാക്കേണ്ടിയും വരും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയാൽ നിയമ കുരുക്കോ പിഴശിക്ഷയോ ഒക്കെ ലഭിക്കാം.

മറ്റ് രാജ്യങ്ങളിൽ വളരുന്ന മിക്ക ചെടികളും ഓസ്‌ട്രേലിയയിൽ കൊണ്ടുവരാൻ അനുമതിയില്ല. ഇനി അഥവാ കൊണ്ടുവരാൻ കഴിയണമെങ്കിൽ ഓസ്‌ട്രേലിയൻ കാർഷിക വകുപ്പിന്റെ പ്രത്യേക അനുമതി ആദ്യമേ വാങ്ങണം. ഇതിനായി ഏത് തരത്തിലുള്ള ചെടിയാണ്, സ്‌പീഷീസ് ഏതാണ് എന്നെല്ലാം വ്യക്തമാക്കണം. ബയോസെക്യൂരിറ്റി ഇംപോർട്ട് കണ്ടീഷൻ സിസ്‌റ്റം വഴി അംഗീകരിച്ചാലേ ചില ചെടികൾ കൊണ്ടുപോരാൻ കഴിയൂ. അപൂർണമോ തെറ്റായതോ ആയ വിവരമെന്ന് തെളിഞ്ഞാൽ ചെടിയോ പൂവോ കൊണ്ടുവരാനാകില്ല.

checking

മണ്ണ്‌ പറ്റാൻ പാടില്ല, പ്രാണികൾ ഉണ്ടാകരുത്

ചില വിത്തിനങ്ങൾ കൊണ്ടുവരുന്നതിനും ഇതേ നിയമം ബാധകമാണ്. എന്തിനാണ് കൊണ്ടുവരുന്നതെന്നും ഏത് സ്‌പീഷാസാണ് എന്നുമെല്ലാം വ്യക്തത വരുത്തിയിരിക്കണം. കൊറിയറായി പാക്ക് ചെയ്യുന്നവയിൽ ഏത് ജെനുസ്, ഏതാണ് സ്‌പീഷീസ് അതിന്റെ ബോട്ടാണിക്കൽ നാമം ഇവയൊക്കെ എഴുതിയിരിക്കണം. ഈ വിത്തുകളിൽ രോഗലക്ഷണമുണ്ടാകാൻ പാടില്ല, മണ്ണ് പറ്റാൻ പാടില്ല, മാത്രമല്ല മറ്റിടങ്ങളിലെ പ്രാണികളും ഉണ്ടാകാൻ പാടുള്ളതല്ല. മലിനീകരണത്തിന് കാരണമാകുന്ന മറ്റ് ജന്തുക്കളുടെ അവശിഷ്ടങ്ങളും അതിലുണ്ടാകരുതെന്ന് നി‌ർബന്ധമാണ്.

മുയലുകളും തവളകളും കൊണ്ടുവന്ന തലവേദന

ഇത്ര കർശനമായി ജൈവസുരക്ഷാ നിയമം നടപ്പിലാക്കേണ്ടി വന്നത് ഓസ്‌ട്രേലിയയ്‌ക്ക് മുൻ അനുഭവങ്ങളിൽ നിന്നാണ്. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ 1859ൽ ഓസ്‌ട്രേലിയയിൽ ആദ്യമായി മുയലുകളെ കൊണ്ടുവന്നു. ഇവയ്‌ക്ക് നാട്ടിൽ ശത്രുക്കളേ ഇല്ലാതെ വന്നതോടെ എണ്ണം വളരെ പെട്ടെന്ന് കൂടി. ഇതോടെ നാട്ടിലെ സ്വാഭാവികമായ ചെടികളും മറ്റും ഇവ തിന്നുതീർത്തു. പ്രശ്‌നം ഗുരുതരമായതോടെ മൈക്‌സോമ വൈറസ്, റാബിറ്റ് ഹെമറജിക് ഡിസീസ് വൈറസ് തുടങ്ങിയ മാർഗങ്ങളും മതിലുകളുമെല്ലാം പണിഞ്ഞാണ് ഇവയെ നിയന്ത്രിച്ചത്.വണ്ടുകളെ നിയന്ത്രിക്കാനെത്തിയ തവളകളെ കൊണ്ടുവന്നും ഓസ്‌ട്രേലിയ പുലിവാൽ പിടിച്ചിട്ടുണ്ട്.

ഇന്ത്യയിലുമുണ്ട് പ്രശ്‌നങ്ങൾ

ഓസ്‌ട്രേലിയ മാത്രമല്ല നമ്മുടെ ഇന്ത്യയിലും എന്തിനുപറയുന്നു കേരളത്തിലും അധിനിവേശ സസ്യങ്ങളും മൃഗങ്ങളും കാരണം ദുരിതമുണ്ടായിട്ടുണ്ട്. പ്രളയകാലത്തിന് ശേഷം കേരളത്തിലെ പുഴകളിൽ മത്സ്യസമ്പത്ത് കുറയാൻ ഹോബിയായി മീൻ വളർത്തുന്നവരടക്കം ചെയ്‌ത ചില പ്രവർത്തികൾ കാരണമായിരുന്നു.

വിദേശങ്ങളിൽ നിന്നുള്ള ഏറെ വലുപ്പം വയ്‌ക്കുന്നതോ പ്രത്യേകതകളുള്ളതോ ആയ മത്സ്യ ഇനങ്ങളെയോ,​ ആമകളെയോ എല്ലാം ഇവിടെ വളർത്തിയ ശേഷം നാട്ടിലെ കുളങ്ങളിലോ പുഴകളിലോ ഉപേക്ഷിക്കുന്ന പ്രവണത ഉണ്ടായി.ഇത് സ്വാഭാവികമായ ജലാശയങ്ങളിലെയോ അവയോട് ചേർന്നുള്ള ഇടങ്ങളിലെയോ ജന്തുക്കളെ പിടികൂടി തിന്നുന്നത് പതിവായി. അതോടെ സ്വാഭാവിക ജീവജാലങ്ങൾ കുറഞ്ഞു. ഈ പ്രശ്‌നത്തിന് ഇപ്പോഴും വ്യക്തമായ പരിഹാരം ഉണ്ടായിട്ടില്ല.

plants

ആനയും മറ്റുജീവികളും കാടിറങ്ങുന്നതിന് പ്രാദേശികമായ കാരണമായി അധിനിവേശ സസ്യങ്ങൾ മാറുന്നുണ്ട്. അക്കേഷ്യ, മാഞ്ചിയം, ശീമക്കൊന്ന പോലെയുള്ള മരങ്ങൾ കാട്ടിൽ വളർന്നപ്പോൾ സ്വാഭാവികമായി ഭക്ഷണം എളുപ്പം ലഭിക്കുന്ന നാട്ടിൽ വന്യമൃഗങ്ങൾ ഇറങ്ങിത്തുടങ്ങി. ഇവയുടെ ഉപദ്രവം കൊവിഡ് കാലത്ത് വർദ്ധിച്ചു. കാരണം കാടിനോട് ചേർന്നുള്ള തോട്ടങ്ങളിലും മറ്റും അടിക്കാട് വെട്ടുന്നതടക്കം ജോലി ഇല്ലാതായതോടെ മൃഗങ്ങൾ കാടേത്, നാടേത് എന്ന് മനസിലാകാതെ വരുമ്പോൾ നാട്ടിലിറങ്ങി മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാകാൻ തുടങ്ങി.

നമ്മുടെ നാട്ടിൽ 1950കൾ മുതൽ 1980കൾ വരെ സ്വാഭാവിക വനം വെട്ടിത്തെളിച്ച് അതാത് കാലത്തെ സർക്കാരുകൾ അധിനിവേശ സസ്യങ്ങൾ നട്ടുപിടിപ്പിച്ചതോടെയാണ് ഇവ കാരണം പ്രശ്‌നമുണ്ടായത്. ഇവയിൽ വെള്ളവും മണ്ണിലെ വളങ്ങളും വലിച്ചെടുത്ത് വളരുന്ന പലവയും ചുറ്റുമുള്ള ചെടികൾക്ക് വില്ലന്മാരായി. ചെടികൾക്ക് പിന്നാലെ മൃഗങ്ങൾക്കും അപൂർവമായി മനുഷ്യർക്കും ഇവ കുഴപ്പമുണ്ടാക്കിയതോടെ പിന്നീട് ഇവക്കെതിരെ പ്രതിഷേധമെല്ലാം നമ്മുടെ നാട്ടിലുണ്ടായി.

plant

പകരം നടാൻ പ്രാദേശിക സസ്യങ്ങൾ

അക്കേഷ്യയടക്കം മരങ്ങൾ പൂവിടുന്ന കാലമാകുമ്പോൾ പ്രദേശവാസികൾക്ക് ശ്വാസസംബന്ധ രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളും കണ്ടുതുടങ്ങിയതോടെ ഈയടുത്ത് അവ വെട്ടിമാറ്റി പകരം മാവ്, പ്ളാവ്, മലവേപ്പ്, വട്ട, ഞാവൽ, കാട്ടുനെല്ലി, വാക, മുള എന്നിങ്ങനെ പ്രാദേശിക സസ്യങ്ങൾ വച്ചുപിടിപ്പിച്ച് സ്വാഭാവിക വനം വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. പല ഏകവിള തോട്ടങ്ങളും മരങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനം വളരാൻ അനുവദിക്കും. ഇത്തരത്തിൽ 1300 ഹെക്‌ട‌ർ ഭൂമിയിൽ മരങ്ങൾ വെട്ടിമാറ്റുക വയനാട്ടിലാണ്. ഇതുവഴി ആന, കാട്ടുപന്നി, കാട്ടി, മാൻ,മയിൽ തുടങ്ങി വന്യജീവികൾ നാട്ടിലിറങ്ങുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ ്കരുതുന്നത്.

ഓസ്‌ട്രേലിയയിൽ മാത്രമല്ല വികസിത രാജ്യമായ അമേരിക്കയിലും ജപ്പാനിലും ഓസ്‌ട്രേലിയയുടെ അയൽ രാജ്യമായ ന്യൂസിലാന്റിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമെല്ലാം അധിനിവേശ സസ്യങ്ങളെയും ജീവികളെയും കൊണ്ടുവരുന്നതിന് ശക്തമായ നിയമങ്ങൾ നിലവിലുണ്ട്.