pulikkali

തൃശൂർ: നഗരത്തിൽ പുലികളിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇന്ന് പുലർച്ചെ തന്നെ ഒമ്പത് പുലിമടകളിലും വരകൾ ആരംഭിച്ചിരുന്നു. വൈകിട്ട് നാലുമണിയോടെ നിശ്ചല ദൃശ്യങ്ങൾക്കൊപ്പം പുലികൾ തൃശൂരിലെ സ്വരാജ് ഗ്രൗണ്ടിലേക്ക് കടക്കും. പുലികളിപോലെ ആവേശം പകരുന്ന പുലിയൊരുക്കം കാണാനായി ആളുകൾ മടകളിലേക്ക് ഒഴുകിയെത്തുകയാണ്. ഒമ്പത് പുലികളി സംഘങ്ങളാണ് ഇത്തവണയുളളത്. ഓരോ സംഘത്തിലും 51 പുലികൾ വരെയുണ്ടാകും.

കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിയാളുകളാണ് സാധാരണയായി പുലികളി കാണാനായി എത്തുന്നത്. രാത്രി പത്തിന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലികളി അവസാനിക്കുക. അതുവരെ പുലികൾ റൗണ്ടിൽ നിറഞ്ഞാടും. സമാപനച്ചടങ്ങിൽ പുലികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും. പുലികളിയോടെയാണ് തൃശൂരിന്റെ ഓണാഘോഷം അവസാനിക്കുക.

pulikkali

പത്തിലധികം പേരാണ് ഓരോ സംഘത്തിലും നിറം അരയ്ക്കാൻ ഉണ്ടാകുന്നത്. വെള്ള, കറുപ്പ്, മഞ്ഞ എന്നിവയാണ് ആദ്യം അരച്ച് തയ്യാറാക്കുന്നത്. പിന്നെ ചുവപ്പും ബ്രൗണുമെല്ലാം തയ്യാറാക്കും. ഓരോ നിറവും കുറഞ്ഞത് അഞ്ച് ലിറ്ററെങ്കിലും വേണ്ടിവരും. എന്നാൽ ഇത്തവണ മെറ്റാലിക് പുലികളുമായാണ് വിയ്യൂർ യുവജനസംഘം എത്തുന്നത്. ഇതാദ്യമായാണ് പുലികളിയിൽ മെറ്റാലിക് നിറം ഉപയോഗിക്കുന്നത്. പുലികൾ കൂടുതൽ തിളങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത. നീല, പച്ച, വയലറ്റ് മെറ്റാലിക് നിറങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.

അതേസമയം, പുലികളിയോടനുബന്ധിച്ച് പൊലീസ് ജനങ്ങൾക്ക് കർശന നി‌ർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തും നടപ്പാതയിലും സുരക്ഷിതയിടങ്ങളിൽ ജനങ്ങൾക്കു പുലികളി ആസ്വദിക്കാം. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തിലേക്ക്‌ വരുന്നവർ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായ ഗ്രൗണ്ടുകളിൽ പാർക്ക്‌ ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. ക്രമസമാധാനപാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസിസ്റ്റൻഡ് കമ്മിഷണറുടെ കീഴിൽ വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിൽ പൊലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.