harisree-ashokan

പഞ്ചാബി ഹൗസിൽ താൻ ചെയ്ത കഥാപാത്രം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നടൻ ഹരിശ്രീ അശോകൻ. സിനിമയിൽ അഭിനയിച്ചതോടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബി ഹൗസ് ഒരു തവണ മാത്രം കാണുന്നവർക്ക് രമണനെന്ന കഥാപാത്രത്തെക്കുറിച്ച് മനസിലാകില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'അന്നും ഇന്നും ജഗതി ശ്രീകുമാർ ഒരു രാജാവ് തന്നെയാണ്. അദ്ദേഹത്തെപോലൊരു നടനെ ഞാൻ ഇതുവരെയായിട്ടും കണ്ടിട്ടില്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും അദ്ദേഹം അഭിനയത്തിലും മാ​റ്റം വരുത്തിയിരുന്നു. പഞ്ചാബി ഹൗസിൽ ഞാൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നടി വിദ്യാബാലൻവരെ രമണനെ അനുകരിച്ചിരുന്നു. അതിന്റെ വീഡിയോ എനിക്ക് കുറേപേർ അയച്ചുതന്നു.

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്. രമണൻ ഒരു തമാശകഥാപാത്രമല്ല. കളളം പറയാത്ത ഒരു കഥാപാത്രമാണ് രമണൻ. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ സൂപ്പർഹി​റ്റാകുമെന്ന് ഞാൻ സംവിധായകനോട് പറഞ്ഞിരുന്നു. എല്ലാവരും തീരുമാനിച്ചാണ് സ്വന്തം വീടിന് പഞ്ചാബി ഹൗസെന്ന് പേരിട്ടത്.

ഒരു ചിത്രത്തിന്റെ കാസ്​റ്റിംഗുമായി ബന്ധപ്പെട്ട് ഞാൻ ഒരു പ്രമുഖ സംവിധായകന്റെ അടുത്ത് പോയിരുന്നു. എന്നെ കണ്ടയുടനെ സംവിധായകൻ വേണ്ടെന്ന് പറഞ്ഞു. അതെനിക്ക് വലിയ വിഷമമായി. എന്നെ അതിലേക്ക് വിളിപ്പിച്ചയാളുകൾ സംവിധായകനോട് എന്നെക്കുറിച്ച് പറഞ്ഞു. ഞാൻ നന്നായി കോമഡി ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്റേത് വില്ലൻ വേഷങ്ങൾ ചെയ്യാൻ പ​റ്റിയ മുഖമെന്ന് പറഞ്ഞാണ് മാ​റ്റിനിർത്തിയത്. അവസാനം എന്നോട് ഒരു ഇമോഷൻ സീൻ ചെയ്യാൻ പറഞ്ഞു. അത് ചെയ്തപ്പോൾ തന്നെ എന്റെ കണ്ണുനിറഞ്ഞു. അങ്ങനെ ആ സിനിമയിൽ അഭിനയിച്ചു. അത് ഹി​റ്റ് ചിത്രമായിരുന്നു'- ഹരിശ്രീ അശോകൻ പറഞ്ഞു.