
ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിലെ പ്രസവത്തിനിടയിൽ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടിയായിരുന്നു സംഭവം. വിശ്വാസപ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽപ്പെട്ടവരാണ് ദമ്പതികൾ. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചുനാൾ മുൻപാണ് മണിയാറൻകുടിയിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്.
കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് ബിജിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് 12,ഒമ്പത്, അഞ്ച് വയസുളള മൂന്ന് മക്കളുണ്ട്. മൂന്ന് കുട്ടികളുടെയും പ്രസവം ഭർത്താവ് തന്നെയാണ് എടുത്തതെന്നാണ് ബിജി ആരോഗ്യപ്രവർത്തകരോട് പറഞ്ഞത്.