nepal-protest

കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം. ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് നേപ്പാൾ സർക്കാർ നിരോധിച്ചത്. ഇതേത്തുടർന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള പ്രധാന നഗരങ്ങളിൽ, കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അഴിമതിയും ദുർഭരണവും മറച്ചുവെക്കാനുള്ള സ‌ർക്കാരിന്റെ നീക്കമെന്ന് ചൂണ്ടികാണിച്ച് യുവജനങ്ങൾക്കിടയിൽ നിരോധനം വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചു.

അഴിമതി അവസാനിപ്പിക്കുക,​ അഭിപ്രായ പ്രകടനത്തിനുള്ള അവകാശം തടയൽ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം പൊലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറി. ഇതേത്തുടർന്ന് നൂറോളം പേർക്ക് പരിക്കേൽക്കുകയും പൊലീസിന്റെ വെടിവയ്പ്പിൽ 16 പേർ മരിക്കുകയും ചെയ്തു.

പ്രതിഷേധം അടിച്ചമർത്താൻ കാഠ്മണ്ഡു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നേപ്പാൾ സർക്കാർ പട്ടാളത്തെ ഇറക്കുകയും അടിയന്തര യോഗം വിളിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പുനഃസ്ഥാപിക്കണമെന്നും സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാർലമെന്റ് മന്ദിരത്തിലേക്കും പ്രതിഷേധക്കാർ പ്രവേശിക്കാൻ ശ്രമിച്ചു. കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.