
#ലക്ഷക്കണക്കിന് പേർ തെരുവിൽ
# പാർലമെന്റിന് മുന്നിൽ തീയിട്ടു
# ക്രമസമാധാനത്തിന് സൈന്യം ഇറങ്ങി
# ആഭ്യന്തര മന്ത്രി രാജിവച്ചു
കാഠ്മണ്ഡു: നേപ്പാളിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ രോഷാകുലരായ ലക്ഷക്കണക്കിന് യുവജനങ്ങൾ (ജെൻ- സി) സർക്കാരിനെതിരെ തെരുവിലിറങ്ങി. പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനുനേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 20 പേർക്ക് ജീവഹാനി. തലസ്ഥാനത്ത് അടക്കം സൈന്യത്തെ വിന്യസിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലെഖാകു രാജിവച്ചു.
അഴിമതിയും ദുർഭരണവും മൂടിവയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് പ്രക്ഷോഭകർ ആരോപിക്കുന്നത്. പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിയുടെ ജന്മനാടായ ദമാക്കിലെ വീടിനുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും വകവയ്ക്കാതെ പാർലമെന്റ് ഗേറ്റിനുമുന്നിൽ യുവജനങ്ങൾ തീയിട്ടതോടെ സുരക്ഷാസേന വെടിവയ്ക്കുകയായിരുന്നു. 250ലേറെപ്പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരിൽ മാദ്ധ്യമ പ്രവർത്തകരും ഉണ്ടെന്നാണ് സൂചന.
ദേശീയഗാനം ആലപിച്ചും ദേശീയ പതാകകൾ ഏന്തിയും ലക്ഷങ്ങളാണ് തെരുവിലേക്ക് ഇറങ്ങിയത്. ബിരാത്‌നഗർ, പൊഖാറ, നേപ്പാൾഗഞ്ച്, ബട്‌വാൾ, ചിത്വാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. കഴിഞ്ഞ വർഷം മൂന്നാമതും പ്രധാനമന്ത്രിയായ കമ്മ്യൂണിസ്റ്റ് നേതാവ് കെ.പി.ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള ജെൻ-സി പ്രക്ഷോഭമായി പ്രതിഷേധസമരങ്ങൾ മാറി.
സമരക്കാരെ പട്ടാളം നേരിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥിതി സംഘർഷഭരിതമായി തുടരുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം വിശിഷ്ട വ്യക്തികളുടെ ഓഫീസും വസതിയും സ്ഥിതിചെയ്യുന്ന മേഖലകളിൽ കർഫ്യൂ ഏർപ്പെടുത്തി.
യൂട്യൂബും ഫേസ് ബുക്കും
അടക്കം 26 എണ്ണം വിലക്കി
# രാജ്യസുരക്ഷയ്ക്ക് ഹാനികരമായ തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേപ്പാളിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം നടപ്പാക്കി. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ നാലുവരെയായിരുന്നു സമയപരിധി.
# ഇത്തരം മാദ്ധ്യമങ്ങളിൽ സർക്കാരിന്റെ വക്താവിനെയും പരാതികൾ പരിഹരിക്കാനുള്ള സമിതിയിൽ നേപ്പാൾ സ്വദേശിയെയും ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തു. ഇതനുസരിച്ചുള്ള നടപടികൾ യൂട്യൂബ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, വാട്സ് ആപ്പ് അടക്കം 26 പ്ളാറ്റ്ഫോമുകൾ പൂർത്തിയാക്കിയില്ല. ഇതോടെ വിലക്ക് ഏർപ്പെടുത്തി.
# ടിക്- ടോക്, വൈബർ, നിംബൂസ്, പോപ്പോ ലൈവ് തുടങ്ങിയവ നിബന്ധനകൾ പാലിച്ചു.ഇവയ്ക്ക് വിലക്കില്ല.ടെലഗ്രാമിന്റെയും മറ്റും അപേക്ഷകൾ പരിശോധിച്ചു വരികയാണ്. ജൂലായിൽ ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ചൂണ്ടിക്കാട്ടി ടെലഗ്രാം നിരോധിച്ചിരുന്നു.ടിക് ടോക്ക് നിരോധിച്ചെങ്കിലും നിബന്ധനകൾ പാലിച്ചതോടെ ഓഗസ്റ്റിൽ അനുമതി നൽകി.
# സമൂഹ മാദ്ധ്യമങ്ങളിലൂടെ ബിസിനസ് നടത്തിയിരുന്ന യുവജനങ്ങളുടെ വരുമാനം പൊടുന്നനേ നിലച്ചതോടെ അവർ പ്രകോപിതരായി സംഘടിക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങൾ നിബന്ധനകൾ പാലിച്ചാൽ വിലക്ക് പിൻവലിക്കുമെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും യുവജനങ്ങളുടെ രോഷം അടങ്ങുന്നില്ല.
നേപ്പാളിൽ ഫേസ് ബുക്ക്
ഉപയോഗിക്കുന്നവർ
1.35 കോടി
ഇൻസ്റ്റഗ്രാം
36 ലക്ഷം