d

ലോകമെമ്പാടും ആരാധകരുള്ള സീരീസായ പീക്കി ബ്ലൈൻഡേഴ്സിലൂടെ ശ്രദ്ധേയനായ കോസ്മോ ജാർവിസിന്റെ ഇഷ്ടനടൻമാരുടെ പട്ടികയിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും. ആർട്ടിക്കിൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ജാർവിസ് ഇഷ്ട നടൻമാരുടെ പേരുകൾ പങ്കുവച്ചത്. ഇഷ്ടനടൻമാർ ആരെല്ലാമാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇഷ്ടനടൻമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത് ചാർളി ചാപ്ലിൻ ആണ്. ബ്രൂണോ ഗാൻസ് , ആന്തണി ഹോപ്കിൻസ്, മൈക്കൽ ഷാനൻ, ഗാരി ഓൾഡ്മാൻ, കാത്തി ബേറ്റ്സ്, വാക്വിൻ ഫീനിക്സ് തുടങ്ങിയ നടൻമാരുടെ പേരിനൊപ്പമാണ് മോഹൻലാലിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് മറ്റൊരു താരത്തെക്കുറിച്ചും പരാമർശിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം തന്റെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ മോഹൻലാലിന്റെ ചിത്രങ്ങളൊന്നുമില്ല. എന്നാൽ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം താളവട്ടത്തിന് പ്രചോദനമായ വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്, ജാർവിസിന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. കോസ്മോ ജാർവിസിന്റെ അഭിമുഖം മോഹൻലാലിന്റെ ഫാൻ പേജുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

പീക്കി ബ്ലൈന്റേഴ്സിൽ ബാർണി തോംപ്സൺ എന്ന കഥാപാത്രത്തെയാണ് കോസ്‌മോ ജാർവിസ് അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ഷോഗൺ, ലേഡ് മാക്ബത്ത്, അനിഹിലേഷൻ, വാർ ഫെർ, പെർസ്വേഷൻ തുടങ്ങിയ സിനിമകളിലൂടേയും സീരീസുകളിലൂടേയും കയ്യടി നേടി. 2009-ൽ ദി അലി വേ എന്ന ഹ്രസ്വചിത്രത്തിൽ ശബ്ദം നൽകിയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 2 2016-ൽ ലേഡി മാക്ബത് എന്ന ചിത്രത്തിലൂടെ കോസ്മോ ജാർവിസ് പ്രശസ്തിയിലേക്കുയർന്നു. ഈ ചിത്രത്തിൽ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.