salary

സിംഗപ്പൂരിലെ പ്രധാന ഹോട്ടലുകളില്‍ ഒന്നായ മിറാമര്‍ അടച്ച് പൂട്ടാനുള്ള തീരുമാനത്തിന് പിന്നാലെ ഒരു ജീവനക്കാരിക്ക് നല്‍കുന്നത് 52 മാസത്തെ ശമ്പളം. 17ാം വയസ്സില്‍ ഇവിടെ ജോലിക്ക് കയറി 69 വയസ്സുവരെ ജോലി ചെയ്ത ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ചെന്‍ ജിന്‍ ഫെങ്ങിനാണ് ഇത്രയും തുക നല്‍കുന്നത്. ഹോട്ടലിലെ ആകെയുള്ള 108 ജീവനക്കാരേയും അടച്ച് പൂട്ടലിന്റെ ഭാഗമായി പിരിച്ചുവിടും. തീരുമാനം എല്ലാവരേയും അറിയിച്ച് കഴിഞ്ഞു.

ചെന്‍ ജിന്‍ ഫെങ്ങ് 17 വയസ്സുമുതല്‍ ഈ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ട്. നടത്തിപ്പുകാരുടെ മൂന്ന് തലമുറയ്ക്കും ഒപ്പം ജോലി ചെയ്ത അനുഭവമുണ്ട് അവര്‍ക്ക്. 52 വര്‍ഷമായി എത്തിയ അതിഥികളേ സല്‍ക്കരിച്ചതിന്റെ സന്തോഷവും തനിക്കുണ്ടെന്നും അവര്‍ പറയുന്നു. 75 വയസ്സുവരെ ജോലി ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫെങ് പറയുന്നു. ഹോട്ടലിന്റെ പോളിസി അനുസരിച്ച് ഓരോരുത്തര്‍ക്കും എല്ലാ വര്‍ഷവും ഒരു മാസത്തെ ശമ്പളം കണക്കാക്കി പിരിഞ്ഞ് പോകുമ്പോള്‍ നല്‍കുന്ന പതിവുണ്ട്.

52 വര്‍ഷം ജോലി ചെയ്തതിനാല്‍ ആണ് 52 മാസത്തെ ശമ്പളം അവര്‍ക്ക് നല്‍കുന്നത്. മനോഹരമായൊരു യാത്രയയപ്പാണ് ചെന്‍ ജിന്‍ ഫെങ്ങിനായി ഹോട്ടല്‍ അധികൃതര്‍ ഒരുക്കിയത്. സാധാരണഗതിയില്‍ കമ്പനിയുടെ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പിരിഞ്ഞുപോകുമ്പോള്‍ ശമ്പളത്തുക കൈമാറുക. 52 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ജോലിയില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ തന്നെ കമ്പനി ഇത്തരത്തില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.