sanju-samson

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ സഹതാരങ്ങള്‍ക്ക് സമ്മാനവുമായി സഞ്ജു സാംസണ്‍. കെസിഎല്‍ ലേലത്തില്‍ തനിക്ക് ലഭിച്ച തുക ടീമിലെ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വീതിച്ച് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. 50 ലക്ഷം രൂപയാണ് ഒരു ടീമിന് പരമാവധി ലേലത്തില്‍ മുടക്കാന്‍ അനുവാദമുണ്ടായിരുന്നത്. ഇതില്‍ 26.8 ലക്ഷം എന്ന കെസിഎല്ലിലെ റെക്കോഡ് തുക മുടക്കിയാണ് താരത്തെ കൊച്ചി വിളിച്ചെടുത്തത്.

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ 15 കോടിയോളം മുടക്കിയാണ് കഴിഞ്ഞ സീസണില്‍ റോയല്‍സ് നിലനിര്‍ത്തിയത്. ലേലത്തിന് വിട്ടാല്‍ ഇതില്‍ കൂടുതല്‍ തുക മുടക്കി മറ്റ് ടീമുകള്‍ സഞ്ജുവിനായി രംഗത്ത് വരുമെന്ന് ഉറപ്പാണ്. അങ്ങനെയുള്ള സഞ്ജുവിനെ സംബന്ധിച്ച് കെസിഎല്ലില്‍ നിന്ന് ലഭിച്ച തുക വളരെ കുറവാണ്. എന്നാല്‍ ലീഗില്‍ കളിക്കാനുള്ള താരത്തിന്റെ തീരുമാനം ലീഗിലെ മൊത്തം യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കിയത്.

ലീഗ് ഘട്ടത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ജെറിന്‍ പിഎസിന് സഞ്ജു കൈമാറിയിരുന്നു. മുമ്പും കേരളത്തില്‍ നിന്നുള്ള താരങ്ങളെ ഐപിഎല്‍ ട്രയല്‍സില്‍ ഉള്‍പ്പെടെ എത്തിക്കുന്നതില്‍ സഞ്ജു മുന്‍കൈയെടുത്തിരുന്നു. വലിയ താരമാകുമ്പോള്‍ പലരും വന്നവഴി മറക്കുകയും യുവതാരങ്ങള്‍ക്ക് അധികം പിന്തുണ നല്‍കാതിരിക്കുകയും ചെയ്യുന്നിടത്താണ് സഞ്ജു വ്യത്യസ്ഥനാകുന്നത്.