death

ജയ്പൂര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്‌ലിയിലാണ് സംഭവം. വിരാട് നഗര്‍ മേഖലയിലെ ഒരു ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് അപകടത്തില്‍ മരിച്ച കുട്ടി. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടി മാത്രമേയുണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. വെടിയൊച്ച കേട്ട് അയല്‍വാസി വീട്ടിലേക്ക് ഓടിയെത്തി നോക്കിയപ്പോഴാണ് കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് മുമ്പ് ഒരു ഡിഫന്‍സ് ട്രെയ്‌നിംങ് അക്കാഡമി നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഈ സ്ഥാപനം അടച്ച് പൂട്ടി. ഇവിടെ നിന്ന് കൊണ്ടുവന്ന നാടന്‍ തോക്ക് വീട്ടിലെ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. ആളില്ലാത്ത നേരത്ത് കുട്ടിക്ക് ഈ തോക്ക് കിട്ടി. അത് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ തലയില്‍ വെടിയുണ്ട തുളച്ചുകയറി. കുട്ടി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

അയല്‍വാസി വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡിഫന്‍സ് അക്കാഡമി പൂട്ടിയതിന് ശേഷം കുട്ടിയുടെ അച്ഛന്‍ മുകേഷ് നാടോടിഗായികയായ അമ്മയ്‌ക്കൊപ്പം പുറത്ത് പോകുന്നത് പതിവായിരുന്നു. ദമ്പതിമാരുടെ ഏകമകനാണ് മരിച്ച ദേവാന്‍ഷു.