upi


ന്യൂഡല്‍ഹി: യുപിഐ (UPI) പേമെന്റ് ഇടപാടുകളില്‍ വമ്പന്‍ മാറ്റങ്ങളുമായി നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI). സെപ്റ്റംബര്‍ 15 മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ്, ലോണുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് എന്നീ മേഖലകളില്‍ പ്രതിദിനം പത്ത് ലക്ഷം രൂപയുടെ വരെ ഇടപാടുകള്‍ നടത്താമെന്നതാണ് പ്രധാന മാറ്റം. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയ്ക്ക് അയക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയായി തന്നെ തുടരും.

ക്രെഡിറ്റ് കാര്‍ഡുകളുടെ വണ്‍ ടൈം പേമെന്റുകളുടെ പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിദിനം ആറ് ലക്ഷം രൂപ വരെയാണ് അടയ്ക്കാന്‍ കഴിയുക. വായ്പകള്‍, ഇഎംഐ എന്നിവയുടെ ഒറ്റത്തവണ പരിധി അഞ്ച് ലക്ഷവും പ്രതിദിനം പത്ത് ലക്ഷം വരെയുമാണ്. ഓഹരി വിപണി, ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കുള്ള പരിധി 2 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം വരെ ഈ വിഭാഗത്തില്‍ ഇടപാടുകള്‍ നടത്താം.

ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ഇഎംഐകള്‍, നിക്ഷേപങ്ങള്‍, യാത്ര, നികുതികള്‍ തുടങ്ങിയ വലിയ ബില്ലുകള്‍ ഒറ്റയടിക്ക് അടയ്ക്കാന്‍ ഇനിമുതല്‍ സാധിക്കും. വ്യാപാരികള്‍ക്ക് സെറ്റില്‍മെന്റുകള്‍ക്കൊപ്പം വേഗതയേറിയതും സുഗമവുമായ രീതിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് എന്‍.പി.സി.ഐ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.